palam
ഗതാഗതത്തിന് തുറന്നു നൽകാത്ത പാലം

കോലഞ്ചേരി: മഴുവന്നൂരിലെ പാലം തുറന്നുകിട്ടാനുള്ള കാത്തിരിപ്പ് നീളുന്നു. മഴുവന്നൂർ കടയിരുപ്പ് റോഡിൽ, മഴുവന്നൂർ വില്ലേജ് ഓഫീസിന് സമീപം പുതുക്കിപ്പണിത കനാൽ പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാത്തതിനാൽ സമാന്തര പാതകളായ ബണ്ട് റോഡുകൾ പൂർണ്ണമായും തകർന്നു. ചെളിയും വെള്ളവും കെട്ടിക്കിടന്ന് കനാൽ സൈഡുകൾ ഇടിഞ്ഞ് റോഡിൽ കാൽനട യാത്ര പോലും പറ്റാത്ത സ്ഥിതിയാണ്.

ബണ്ട് റോഡിൽ ഒ​രു വാഹനം പോകുന്നതിനുള്ള വീതി മാത്രമേയുള്ളുവെന്നതിനാൽ വാഹന യാത്രക്കാർ തമ്മിൽ വാക്കു തർക്കങ്ങളും പതിവാണ്.

പുതിയപാലം പണികഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിട്ടും ഗതാഗത സൗകര്യം ഒരുക്കിയിട്ടില്ല. രണ്ടടിയിൽ കൂടുതൽ ഉയരത്തിലാണ് പാലം പണിതിട്ടുള്ളതിനാൽ രണ്ട് വശങ്ങളിലും കരിങ്കല്ലോ കോൺക്രീ​റ്റോ ഇട്ട് ഉയർത്തിയാൽ മാത്രമേ വാഹനയാത്ര സുഗമമാകൂ. ഇൻഫോപാർക്ക്, കൊച്ചിൻ റിഫൈനറി തുടങ്ങി പല സ്ഥലങ്ങളിലേക്കും എളുപ്പത്തിൽ പോകാവുന്ന റോഡ് കൂടിയാണ് ഇത്. പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവമാണ് റോഡ് തുറക്കാത്തതിന് പിന്നിലെന്നാണ് പരാതി. പാലം എത്രയും വേഗം ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.