പറവൂർ: കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ പുഴയോട് ചേർന്നുള്ള പതിനാറ് ഏക്കർ തണ്ണീർത്തടം കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും നികത്തുന്നു. നിലവിൽ മൂന്ന് മാസത്തേക്ക് അനധികൃത നിർമാണം പാടില്ലെന്ന് കോടതിയുടെ ഇന്ററിം ഓർഡറുള്ളതാണ്.

ഇതിന്റെ കാലാവധി കഴിയാൻ ഇനിയും രണ്ടാഴ്ചയുള്ളപ്പോഴാണ് വീണ്ടും തണ്ണീർത്തടം നികത്തൽ. കഴിഞ്ഞദിവസം രാത്രി പ്രദേശത്ത് വൻതോതിൽ മണ്ണടിച്ചു. മാസങ്ങൾക്ക് മുന്നേ പരാതികളുടെ അടിസ്ഥാനത്തിൽ കോട്ടുവള്ളി പഞ്ചായത്ത്, വില്ലേജ് അധികൃതർ എന്നിവർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. കൂടാതെ സബ് കളക്ടറുടെയും വനംവകുപ്പ്, ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിശോധനയും നടത്തി.

പരിശോധനയിൽ തന്നെ തണ്ണീർത്തടമാണെന്ന് കണ്ടെത്തി. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചതോടെ അനധികൃത നികത്തൽ ഉപേക്ഷിച്ചതുമാണ്. കുറച്ച് ഭൂമി മാത്രം തരംമാറ്റി കാണിച്ചാണ് പതിനാറ് ഏക്കർ തണ്ണീർത്തടം നികത്തുന്നത്. നികത്തലിന് എതിരുനിന്ന കോട്ടുവള്ളി പഞ്ചായത്ത് സെക്രട്ടറിയെ ഒരാഴ്ച മുന്നേ സ്ഥലം മാറ്റിയതായും ആക്ഷേപമുണ്ട്.

നിലവിൽ പുതിയ സെക്രട്ടറിയാണുള്ളത്. ഭൂരേഖ തഹസിൽദാർ, കോട്ടുവള്ളി വില്ലേജ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നികത്തുന്നത് സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്. പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറവൂർ ഭൂരേഖ തഹസിൽദാർ പറഞ്ഞു.