road

ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം കാർമ്മൽകവല മുതൽ ചൂണ്ടി വരെയുള്ള ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി ഇഴയുന്നതിനിടെ പുതിയ കൈയേറ്റങ്ങൾ; അധികൃതരാകട്ടെ കണ്ടില്ലെന്നും നടിക്കുന്നു. കാർമ്മൽ കവലയ്ക്കും പെട്രോൾ പമ്പിനും ഇടയിൽ ചൂർണിക്കര പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞദിവസം രാത്രി പുതിയൊരു വഴിയോരകച്ചവട സ്ഥാപനം കൂടി തുറന്നു. പഞ്ചായത്ത് അധികൃതരോ പൊതുമരാമത്ത് അധികൃതരോ ഇതിനെതിരെ നടപടിയെടുത്തിട്ടില്ല.

സ്വകാര്യ ബസുകളും ചരക്കുലോറികളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ നിറഞ്ഞോടുന്ന റോഡാണിത്. ഒരു വാഹനത്തിന് പോലും സൈഡിൽ പാർക്ക് ചെയ്യാനാവാത്തത്ര തിരക്കാണ് പലപ്പോഴും. അതിനിടയിലാണ് പുതിയ കച്ചവട സ്ഥാപനം വരുന്നത്.

കാർമ്മൽ മുതൽ ചുണങ്ങംവേലി വരെയുള്ള കൈയേറ്റം ഒഴിപ്പിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കർമ്മൽ, അശോകപ്പടി, കൊച്ചിൻബാങ്ക്, കോളനിപ്പടി, ചൂണ്ടി, സഹൃദയപുരം, ചുണങ്ങംവേലി ഭാഗത്തെ കൈയേറ്റക്കാക്ക് പി.ഡബ്ള്യു.ഡി നോട്ടീസ് നൽകിയെങ്കിലും രണ്ടുപേർ കോടതിയിൽ പോയതിനാൽ ഒഴിപ്പിക്കൽ നിറുത്തിവച്ചു. കൈയേറ്റക്കാരിൽ പലരും റോഡിലേക്ക് ടൈൽ വിരിക്കുന്ന അവസ്ഥയുമുണ്ട്. ഇത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയുമാണ്.