leela

മൂവാറ്റുപുഴ: പായിപ്ര കൃഷിഭവനിൽ 80കാരിക്ക് നീതി നിഷേധിക്കുന്ന കൃഷി ഓഫീസർക്കെതിരെ പഞ്ചയത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയുടെ നേതൃത്വത്തിൽ മെമ്പർമാർ ഉൾപ്പെടെ കൃഷിഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിക്ഷേധിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടാനി തോമസ് സ്ഥലത്തെത്തി സമരക്കാരുമായും കൃഷി ഓഫീസറുമായും സംസാരിച്ചു. പ്രത്യേക മോണിറ്ററിംഗ് സമിതി ചേർന്ന് അനുകൂല തീരുമാനമെടുക്കുമെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ഒന്നരവർഷമായി ഭൂമിതരം മാറ്റുന്നതിനായി അപേക്ഷിച്ച പായിപ്ര ഗ്രാമപഞ്ചായത്ത് 22-ാം വാർഡിൽ മണലിക്കുടി വീട്ടിൽ ഏലിയാമ്മയാണ് (ലീല) കൃഷി ഓഫീസറുടെ നിപാടുമൂലം ദുരിതത്തിലായത്. സഹോദരിയുടെ പേരിലെ സ്ഥലം മറ്റ് അവകാശികൾക്കായി നൽകുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം അടക്കമുള്ള രേഖകൾ കൈവശമുള്ള ലീല 18 മാസമായി ഈ ഫയലിനായി നടക്കുകയാണ്.

പഞ്ചായത്ത് അംഗങ്ങളായ എം.സി.വിനയൻ, സുകന്യ അനീഷ്, നെജി ഷാനവാസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ഉമ്മർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിദ്ദിക്ക് പേടമാൻ, ബൂത്ത് പ്രസിഡന്റി സിദ്ദീക്ക് മുതിരക്കാലയിൽ എന്നിവർ സംസാരിച്ചു.