കൊച്ചി: എറണാകുളം എളംകുളത്ത് നേപ്പാൾ സ്വദേശി ഭാഗീരഥി ഗാമിയെ (30) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കിടക്കവിരിയിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ച കേസിൽ ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്ത് (45) നേപ്പാൾ പൊലീസിന്റെ പിടിയിലായതായി വിവരം. ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നേപ്പാൾ പൊലീസിന് വിവരം കൈമാറിയിരുന്നു. നേപ്പാൾ പൊലീസ് ഒളിസങ്കേതത്തിൽ നിന്ന് റാം ബഹാദൂറിനെ പിടിച്ചെന്നാണ് വിവരം. ഇയാളെ കൊച്ചിയിൽ എത്തിക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. രാജ്യാന്തര കുറ്റവാളി കൈമാറ്റവുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളാണ് കാരണം.
കൊച്ചി സിറ്റി പൊലീസിലെ അഞ്ച് സംഘങ്ങൾ ഡൽഹിയിലും ഉത്തരാഖണ്ഡിലും തമ്പടിക്കുന്നുണ്ട്. ഭാഗീരഥിയുടെ ബന്ധുക്കൾ കൈമാറിയ വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
ഈ മാസം 23നാണ് എളംകുളം രവീന്ദ്രൻ റോഡിൽ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ടി.കെ. നാരായണന്റെ വീടും മതിലുമായി ചേർത്ത് നിർമ്മിച്ച ഒറ്റമുറിയിൽ പ്ലാറ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഭാഗീരഥിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. ലക്ഷ്മിയെന്ന പേരിലാണ് ഭാഗീരഥി ഇവിടെ കഴിഞ്ഞിരുന്നത്. റാം ബഹാദൂറും ഭാഗീരഥിയും മഹാരാഷ്ട്ര സ്വദേശികളെന്ന് വിശ്വസിപ്പിച്ചാണ് വീട് വാടകയ്‌ക്കെടുത്തത്. ഹെയർ ഫിക്‌സിംഗ് ടെക്‌നീഷ്യനായ റാം ബഹാദൂർ ഒന്നരവർഷമായി ഇവിടെ താമസിച്ച് വരികയായിരുന്നു.