വൈപ്പിൻ: നവീകരിച്ച മുളവുകാട് ടവർലൈൻ ബോട്ടുജെട്ടി നാളെ നാടിന് സമർപ്പിക്കും. രാവിലെ പത്തിന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജെട്ടി 30 ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധരിച്ചത്.

നിരവധിപേർ കാലാകാലങ്ങളായി യാത്രയ്ക്ക് ആശ്രയിക്കുന്ന ജെട്ടി ശോച്യാവസ്ഥയിലായതോടെ വിദ്യാർഥികളടക്കം പുഴയിൽ വീഴുന്നതുൾപ്പെടെ അപകടങ്ങൾ പതിവായിരുന്നു. എറണാകുളം, ചിറ്റൂർ, പിഴല, കടമക്കുടി, വരാപ്പുഴ എന്നിവിടങ്ങളിലേക്കു യാത്രയ്ക്ക് നിരവധിപേർ ആശ്രയിക്കുന്ന ജെട്ടിയുടെ നവീകരണം ഇൻലാൻഡ് നാവിഗേഷൻ ഫണ്ടുപയോഗിച്ച് ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ് മുഖ്യപ്രഭാഷണം നടത്തും.