11

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സിന് ശാപമോക്ഷമാവുന്നു. ഇന്നലെ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പഴയ കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് വെള്ളിയാഴ്ച കൗൺസിലർമാരുടെ യോഗത്തിൽ തീരുമാനിക്കും. പുനരധിവാസത്തിനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ പഴയ മാർക്കറ്റിൽ നിന്ന് ഒഴിപ്പിച്ചവരുടെ യോഗം വിളിക്കാനാണ് തീരുമാനം.
തൃക്കാക്കര നഗരസഭയുടെ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് രണ്ടുതവണ ഉദ്ഘാടനം ചെയ്തിട്ടും അധികൃതർ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. മൂന്ന് വർഷം മുമ്പ് അന്നത്തെ എൽ.ഡി.എഫ് ഭരണ സമിതിയുടെ അവസാന കാലഘട്ടത്തിൽ ഉദ്ഘാടനം ചെയ്‌തെങ്കിലും തുറന്നുകൊടുക്കാനായിരുന്നില്ല.അതിനുശേഷം വന്ന യു.ഡി.എഫ് ഭരണ സമതി കഴിഞ്ഞ ഓഗസ്റ്റ് 18 ന് വീണ്ടും ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ മാർക്കറ്റിൽ കോടികൾ ചിലവഴിക്കുന്നതല്ലാതെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 19,000 സ്‌ക്വയർ ഫീറ്റിൽ നഗരസഭാ ഷോപ്പിംഗ് കോംപ്ളക്സും 1600 സ്‌ക്വയർ ഫീറ്റിൽ പൊതുമാർക്കറ്റുമാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇരുപത് സെന്റ് സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ നാലുകോടിരൂപയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയത്.
ലഹരി വിരുദ്ധ കാമ്പയിനും കേരളോത്സവ നടത്തിപ്പിനുമായി ചേർന്ന കൗൺസിലർമാരുടെ യോഗത്തിൽ മാർക്കറ്റിലെ പഴയ കച്ചവടക്കാരുടെ യോഗതീയതി തീരുമാനിക്കും. മാർക്കറ്റ് നവീകരണം എത്രയു വേഗം പൂർത്തിയാക്കുന്നതിന് ഫയൽ പഠിച്ച് നടപടി വേഗത്തിലാക്കാൻ ആരോഗ്യ,ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരെ നഗരസഭാ അദ്ധ്യക്ഷ അജിത തങ്കപ്പൻ ചുമതലപ്പെടുത്തി.