നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ (സി.ഐ.എസ്.എഫ്) മേൽനോട്ടത്തിലുള്ള രണ്ട് നായ്ക്കൾ 10 വർഷത്തെ സേവനത്തിനുശേഷം വിരമിച്ചു. 10 വയസുള്ള ലാബ്രഡോർ ഇനമായ സ്പാർക്കി കോക്കർ, സ്പാനിയൽ ഇനമായ ഇവാൻ എന്നീ നായ്ക്കളാണ് വിരമിച്ചത്.
ഡോഗ് സ്‌ക്വാഡിലെ നായ്കൾ വിരമിക്കുമ്പോൾ നൽകാറുള്ള പുള്ളിംഗ് ഔട്ട് ചടങ്ങും നടന്നു. ചുവന്ന പരവതാനിക്ക് മുകളിലൂടെ നായ്ക്കളെ അലങ്കരിച്ച ജീപ്പിലിരുത്തി സി.ഐ.എസ്.എഫ് അംഗങ്ങൾ വാഹനത്തിന് മുകളിൽ പുഷ്പവൃഷ്ടി നടത്തുന്ന പരമ്പരാഗത ചടങ്ങാണിത്. വിരമിച്ച നായ്ക്കൾക്കു പകരം രണ്ട് പുതിയ നായ്കളായ റൂബിയും ജൂലിയും (ലാബ്രഡോർ ഇനം) സേനയിൽ ചേർന്നു. റാഞ്ചിയിലെ ഡോഗ് ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് (ഡി.ടി.എസ്) ഇവ ആറുമാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നായ്കൾ സിയാൽ ഏവിയേഷൻ സെക്യൂരിറ്റി ഗ്രൂപ്പിൽ (എ.എസ്.ജി)ചേർന്നത്.
സിയാൽ എ.എസ്.ജി ഡോഗ് സ്‌ക്വാഡ് 2007 ജൂൺ 14ന് സൈന്യത്തിൽനിന്ന് ലഭിച്ച രണ്ട് നായ്ക്കളെ ഉൾപ്പെടുത്തിയാണ് തുടങ്ങിയത്. നിലവിൽ 9 നായ്ക്കൾ സിയാലിൽ ഡ്യൂട്ടിചെയ്യുന്നു. സിയാൽ കെന്നൽ കെട്ടിടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ എയർപോർട്ട് ഡയറക്ടർ സി. ദിനേശ്‌കുമാർ സിഐഎഎഫ് സീനിയർ കമാൻഡന്റ് സുനിത് ശർമ എന്നിവർ പങ്കെടുത്തു.