ചോറ്റാനിക്കര: ചോറ്റാനിക്കരയിലെ പ്രധാന ജലസ്രോതസായ അടിയാക്കൽ വലിയതോടിൽ പായൽ നിറഞ്ഞ് നീരൊഴുക്ക് നിലച്ചു. ചേപ്പനംതോട് മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുക അനുവദിക്കുമെങ്കിലും പദ്ധതികൊണ്ട് യാതൊരു പ്രയോജനവുമില്ല.
2020- 21 വർഷത്തിൽ ഫ്ലോട്ടിഗ് ജെ.സി.ബി ഉപയോഗിച്ച് 9 കിലോമീറ്റർ നീളത്തിൽ അടിയാക്കൽ വലിയതോടിലെ പായൽ നീക്കി ജലമൊഴുക്ക് സുഗമമാക്കിയിരുന്നു. ചോറ്റാനിക്കര, തിരുവാണിയൂർ, തിരുവാങ്കുളം, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന തോട് ചോറ്റാനിക്കര മുതൽ റിഫൈനറി റോഡുവരെയാണ് ശുചീകരിച്ചത്. എന്നാൽ മഴക്കാലമായതോടെ തോട് പഴയ സ്ഥിതിയിലെത്തി. ഓരോ പ്രാവശ്യവും പായൽ നീക്കുന്നത് ചടങ്ങായി മാറിയതിനാൽ കർഷകർക്കോ പൊതുജനത്തിനോ കാര്യമായ പ്രയോജനം ലഭിക്കാറില്ല. കരയ്ക്ക് കോരി വയ്ക്കുന്ന പുല്ലും പായലും വീണ്ടും തോടിലേക്ക് തന്നെ വീണ് പഴയപടി ജലമൊഴുക്ക് തടസപ്പെടുന്നതാണ് പതിവ്.
മുള്ളൻചണ്ടി, ആഫ്രിക്കൻ പായൽ, പുല്ല്, മാലിന്യങ്ങൾ എന്നിവ അടക്കമുള്ളവയാണ് തോടിൽ അടിഞ്ഞിട്ടുള്ളത്. കരകൾ ഇടിയുന്ന മണ്ണും തോടിൽ നിറയുന്നുണ്ട്. ചെളിയും പായലും തോടിലേക്കെത്തിയതോടെ ഇരുപ്പൂ നെൽക്കൃഷി പാടങ്ങൾ നിറഞ്ഞ പ്രദേശത്ത് വളരെ കുറച്ച് ഭാഗത്ത് മാത്രമാണ് കൃഷി നടക്കുന്നത്. അവശേഷിച്ച ഭാഗം തരിശുകിടക്കുകയാണ്.
അടിയാക്കൽ തോടിൽ പമ്പ് ഹൗസ് സ്ഥാപിച്ച് കൃഷി നടത്തുന്നതിനുള്ള നടപടിയാരംഭിച്ചു. പൈതൃകം ടൂറിസം പദ്ധതിയിൽപ്പെടുത്തി തോടിന്റെ ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കി കൃഷിക്ക് അനുയോജ്യമാക്കും.
പ്രകാശൻ ശ്രീധരൻ
വാർഡ് അംഗം
@@@@@@
അടിയാക്കൽ തോടിലെ കൈയേറ്റങ്ങൾ ഒഴിവാക്കി സംരക്ഷണ ഭിത്തികെട്ടി നീരൊഴുക്ക് സുഗമമാക്കണം. തരിശായി കിടക്കുന്ന പാടങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി കൃഷി പുനഃരാരംഭിക്കാൻ പഞ്ചായത്ത് മുൻകൈ എടുക്കണം.
ജോൺസൺ കെ. തോമസ്
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്