കൊച്ചി: കൊച്ചി കോർപ്പറേഷൻ പരിധിയിൽ പാർക്കിംഗ് ഫീസ് ഇടാക്കുന്നത് തോന്നുംപടി. അനുവദനീയമായതിലും മൂന്നും നാലും ഇരട്ടി തുക കരാറുകാർ വാഹന ഉടമകളിൽ നിന്ന് ഇടാക്കുന്നുവെന്നാണ് പരാതി. കരാർ നൽകിയ ശേഷം കോർപ്പറേഷന്റെ ഭാഗത്ത് നിന്നു കൃത്യമായ മേൽനോട്ടം ഇല്ലാത്തത് കരാറുകാർക്ക് സൗകര്യമാകുന്നുവെന്നാണ് ആക്ഷേപം. രേഖാമൂലം പരാതി നൽകിയാൽ അന്വേഷിക്കാമെന്നാണ് കോർപ്പറേഷന്റെ നിലപാട്.
പാർക്കിംഗ് കേന്ദ്രങ്ങൾ
നഗരമേഖലയിൽ സുഭാഷ് പാർക്കിന് മുൻവശത്തും പി.ടി. ഉഷ റോഡ്, സ്റ്റേഡിയം റോഡ്, രാജാജി റോഡ്, ഇടപ്പള്ളി ലുലുമാളിന് എതിർവശം എന്നിവിടങ്ങളിലും ഫോർട്ട്‌കൊച്ചി മേഖലയിൽ കോക്കേഴ്‌സ് തീയേറ്റർ കോമ്പൗണ്ട്, തോപ്പുംപടി കംഫർട്ട്‌സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് കോർപ്പറേഷൻ നേരിട്ട് വാഹന പാർക്കിംഗിന് കരാർ നൽകിയത്. ഇവിടങ്ങളിൽ ബൈക്ക് ഒന്നിന് അഞ്ചു രൂപയും കാറിന് 10 രൂപയുമാണ് ആദ്യ രണ്ടു മണിക്കൂർ നേരത്തേക്ക് ഫീസായി പിരിക്കാൻ കരാറിൽ അനുവാദം നൽകിയിട്ടുണ്ട്. അതിനു ശേഷമുള്ള ഓരോ മണിക്കൂറിനും കാറിന് 10 രൂപ വീതവും ബൈക്കിന് അഞ്ചു രൂപ വീതവും ഇടാക്കാം.
എന്നാൽ കരാർ തുകയേക്കാളും മൂന്നും നാലും ഇരട്ടി ഫീസ് ഈടാക്കി വാഹനയാത്രക്കാരെ പിഴിയുകയാണ് കരാറുകാർ.
വാക്കേറ്റം, ബഹളം
സുഭാഷ് പാർക്കിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ഇരുചക്ര വാഹനക്കാരനിൽ നിന്ന് 20 രൂപ നിർബന്ധപൂർവം വാങ്ങിയത് വാക്കേറ്റത്തിന് വഴിവച്ചിരുന്നു. അടുത്തകാലത്തായിരുന്നു സംഭവം. അമിത ഫീസ് നൽകണമെന്ന ആവശ്യം യാത്രികൻ നിരസിച്ചതോടെ തർക്കമായി. ഫീസ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ വാഹനം എടുത്തുകൊണ്ടു പൊയ്ക്കൊള്ളു എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ആവശ്യപ്പെട്ട പണം നൽകി വാഹനം പാർക്ക് ചെയ്യാൻ ബൈക്കുടമ നിർബന്ധിതനായി.
മറ്റ് പാർക്കിംഗ് സ്ഥലങ്ങളിലും സമാനമായ നിലയിൽ അമിത ഫീസ് ഇടാക്കുന്നതായി വ്യാപക പരാതിയുണ്ട്. ചോദ്യം ചെയ്താൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. പിന്നീട് കരാറുകാരുടെ ധാർഷ്ട്യത്തിന് വഴങ്ങി ചോദിക്കുന്ന പണം നൽകേണ്ടി വരുന്നു. കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ എഗ്രിമെന്റ് റദ്ദാക്കുമെന്ന് വ്യവസ്ഥയുണ്ടെങ്കിലും കൃത്യമായ പരിശോധനയോ നടപടികളോ ഇല്ലാത്തതാണ് ഇത്തരം കൊള്ളകൾ നഗരത്തിൽ വ്യാപകമാകാൻ കാരണം.