
ഏലൂർ: എറണാകുളം ജില്ലയുടെ പെരുമകളിലൊന്നായ പെരിയാർ മെലിയുന്നു. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട എലൂർ നഗരസഭയിലെ ചിറയം കടവുമുതൽ ഡിപ്പോ കടവുവരെ പെരിയാർ കരയായി മാറുകയാണ്.
എക്കലും ചെളിയും നിറഞ്ഞ് പായലും പുല്ലും മൂടിയാണ് ഇതുസംഭവിക്കുന്നത്. കെട്ടുവള്ളങ്ങളും ബോട്ടും കരയ്ക്കടുത്തിരുന്ന ആഴമുള്ള കടവായിരുന്നു ഇവ. വേലിയിറക്കവേളയിൽ ഇപ്പോൾ യാത്രാവള്ളങ്ങൾ കരയ്ക്കടുപ്പിക്കാനാവില്ല. പകരം, 50 മീറ്ററോളം ചെളിയിലൂടെ കെട്ടിവലിയ്ക്കണം. ജോലിക്ക് പോകുന്നവരും വിദ്യാർത്ഥികളുമാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
2020 സെപ്തംബറിൽ ചിറയംകടവിൽ എട്ടുലക്ഷം രൂപയും ഡിപ്പോകടവിൽ 10 ലക്ഷം രൂപയും ചെലവിട്ട് ഇറിഗേഷൻ വകുപ്പ് മാലിന്യങ്ങൾ നീക്കിയെങ്കിലും ഗുണംചെയ്‌തില്ല. ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്ത ഓപ്പറേഷൻ വാഹിനി പദ്ധതിയുടെ ഭാഗമായയും ചെളിനീക്കി ആഴംകൂട്ടിയെങ്കിലും പെരിയാറിനെ പൂർണതോതിൽ വീണ്ടെടുക്കാനായിട്ടില്ല. വാട്ടർമെട്രോ ഉൾപ്പെടെയുള്ള പദ്ധതികൾ ഭാവിയിൽ വന്നേക്കുമെന്നിരിക്കേയാണ് പെരിയാറിന്റെ ഈ ദുരിതം.