അങ്കമാലി : തുറവൂർ സർവീസ് സഹകരണ ബാങ്കുവഴിയുള്ള വളം വിതരണത്തിൽ ക്രമക്കേട് ആരോപണം. സി.പി.എം പ്രതിഷേധിച്ചതിനെത്തുടർന്ന് വളം വിതരണം നിർത്തി വച്ചു.
കൃഷി ഭവൻ മുഖേന കർഷകർക്ക് സൗജന്യ നിരക്കിൽ വളം വിതരണം ചെയ്യുന്നതിന്റെ ചുമതല ഏൽപ്പിച്ചത് തുറവൂർ സർവീസ് സഹകരണ ബാങ്കിനെയാണ്. കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്ത വളത്തിന്റെ 50 കിലോ ചാക്കിൽ ഓരോന്നിലും 2 മുതൽ 3 കിലോ വരെ കുറവ് കണ്ടെത്തുകയായിരുന്നു. സി.പി.എം പ്രവർത്തകർ വളം വിതരണ കേന്ദ്രത്തിലെത്തി ചാക്കുകളുടെ തൂക്കം നോക്കിയപ്പോൾ എല്ലാ ചാക്കിലും കുറവ് കാണിച്ചു. ബാങ്കിലെ കോൺഗ്രസ് ഭരണ സമിതിയും വളം കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയാണ് ഇതെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി.രാജൻ ആവശ്യപ്പെട്ടു. പ്രതിഷേധത്തിൽ പി.വി.ജോയ് , എം.എം. ജയ്സൺ, എം.വി. മോഹനൻ , സാജു അയ്യമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.