കൊച്ചി: വിദ്യാഭ്യാസമേഖലയിൽ ചെലവഴിക്കുന്ന ഓരോ രൂപയും നവകേരള നിർമ്മാണത്തിനുള്ള മൂലധനമായാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. ഇടപ്പള്ളി നോർത്ത് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്‌കൂളുകളും ക്ലാസ്സ്മുറികളും ലാബുകളും ഉന്നത നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ അനുമോദിച്ചു. കോർപ്പറേഷന്റെ ജനകീയാസൂത്രണ ഫണ്ടിൽ നിന്നും ഒരു കോടി രൂപ മുടക്കിയാണ് ഫിസിക്‌സ്, കെമിസ്‌ട്രി, ജോഗ്രഫി ലാബുകൾ നിർമ്മിച്ചിരിക്കുന്നത്.
മേയർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. ടി.ജെ. വിനോദ് എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ. എ അൻസിയ എന്നിവർ മുഖ്യാതിഥികളായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.എ. ശ്രീജിത്ത്, പി.ആർ. റെനീഷ്, ഷീബാലാൽ, ടി. കെ. അഷ്‌റഫ്, കൗൺസിലർമാരായ ആന്റണി കുരീത്തറ, അംബിക സുദർശനൻ, പത്മജ.എസ്. മേനോൻ, ഇടപ്പള്ളി നോർത്ത് വി.എച്ച്.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ എ. ആർ റോഷ്‌നി, ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി. എൽ. ലാലി, ഹെഡ്മിസ്ട്രസ് കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.