kklm
കൂത്താട്ടുകുളം കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിലെ യാത്രക്കാർക്കൊപ്പം

കൂത്താട്ടുകുളം: ആറുമാസം പിന്നിട്ട കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ബഡ്‌ജറ്റ്‌ ടൂറിസം നടത്തിയത് അമ്പത് യാത്രകൾ. ഇടുക്കി -അഞ്ചുരുളി ട്രിപ്പോടെ ആരംഭിച്ച ഉല്ലാസയാത്രാ പദ്ധതി കൊല്ലത്തെ മൺറോതുരുത്ത്, തൃശൂർ ജില്ലയിലെ മലക്കപ്പാറ, മൂന്നാർ -മാമലകണ്ടം, പൂപ്പാറ -ചതുരംഗപാറ -നീലക്കുറിഞ്ഞി തുടങ്ങിയ വൈവിധ്യമാർന്ന ഇടങ്ങളിലേക്ക് സഞ്ചാര പ്രിയരെ കൂട്ടിക്കൊണ്ടുപോയി. വിനോദ യാത്രകളിൽ നിന്നായി ഇതുവരെ പതിനാറുലക്ഷത്തോളം രൂപ കെ.എസ്.ആർ.ടി.സി നേടിക്കഴിഞ്ഞു.
പുതിയ റൂട്ടുകളിലേക്ക്‌ കൂത്താട്ടുകുളത്തു നിന്ന് യാത്രകൾ ഒരുങ്ങുന്നുണ്ട്. അതേസമയം,ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ കുറവ് അവധി ദിവസങ്ങളിൽ കൂടുതൽ വിനോദ യാത്രാ സർവീസുകൾ നടത്തുന്നതിന് തടസമാകുന്നു.റെസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബകൂട്ടായ്മകൾ, സ്കൂൾ -കോളേജ്, ആരാധനാലയങ്ങൾ തുടങ്ങിയവക്കായി ഗ്രൂപ്പ് ടൂറും ക്രമീകരിച്ചിട്ടുണ്ട്.
ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഡിപ്പോ ചീഫ് കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം, കെ.സുജിത്, ജി.ശ്രീകാന്ത്, ബിനു ജോൺ, സി.എസ്.രാജീവ്‌, കെ.പി.വിനോദ് എന്നിവർ അടങ്ങുന്ന ടീമാണ് , വിനോദയാത്രാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. യാത്രക്കാരുടെ മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിൽ കൂത്താട്ടുകുളം ബഡ്‌ജറ്റ്‌ ടൂറിസം സെല്ലിനെ, കെ.എസ്.ആർ.ടി.സി സെൻട്രൽ സോൺ കോ ഓർഡിനേറ്റർ ഒ. ടി.അനൂപ്, ജില്ലാ കോ കോർഡിനേറ്റർ എൻ. ആർ.രാജീവ്‌ എന്നിവർ ഡിപ്പോയിലെത്തി അഭിനന്ദിച്ചു.
ശനി, ഞായർ ദിവസങ്ങളിലാണ് പ്രധാനമായും ട്രിപ്പുകൾ. പാട്ടുകൾ വെക്കുന്നതിനും പാടുന്നതിനും വെവ്വേറെ ബോക്സുകൾ ബസിൽ ഘടിപ്പിച്ചിട്ടുണ്ട്. സംഘമായെത്തുന്നവർക്ക് വേണ്ടി ഇടദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്താനുള്ള ക്രമീകരണവുമുണ്ട്. 51 യാത്രക്കാരാണ് ഒരു ട്രിപ്പിൽ ഉണ്ടാവുക. ബലൂണും റിബണും കെട്ടി അലങ്കരിച്ച ബസിലാണ് യാത്രകൾ. പ്രണയ വിവാഹിതർക്കു മാത്രം മലക്കപ്പാറക്ക്‌ ഒരു സ്പെഷ്യൽ ട്രിപ്പും നടത്തിയിരുന്നു. കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, സമീപ പഞ്ചായത്ത് ഭരണസമിതികൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ മികച്ച സഹകരണവും വിനോദയാത്രകൾക്കുണ്ട്. വിനോദ യാത്ര ബുക്ക്‌ ചെയ്യുന്നതിന്:
പ്രശാന്ത് വേലിക്കകം (9447223212),
ചീഫ് കോ -ഓർഡിനേറ്റർ കെ.എസ്.ആർ.ടി.സി
കൂത്താട്ടുകുളം