പറവൂർ: പറവൂർ നഗരത്തിലെ ട്രാഫിക്ക് പരിഷ്കരണം തുടക്കത്തിൽ തന്നെ പാളുന്നു. കെ.എം.കെ കവല -പുല്ലംകുളം റോഡിലെ ബസ് ടെർമിനലിൽ കയറണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് പറവൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ ബസ് ജീവനക്കാർ ആവശ്യപ്പെട്ടു. മുനിസിപ്പൽ കവല മുതൽ താലൂക്ക് ആശുപത്രി വരെ അനധികൃത പാർക്കിംഗ് നിരോധിക്കാനായില്ല. വരാപ്പുഴ, വൈപ്പിൻ, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നുവരുന്ന സ്വകാര്യ ഓർഡിനറി ബസുകളും എറണാകുളത്ത് നിന്ന് ഗുരുവായൂർ ഭാഗത്തേക്കുള്ള ദീർഘദൂര സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും കെ.എം.കെ കവല വഴി ബസ് ടെർമിനലിൽ പ്രവേശിച്ചശേഷം പോകണമെന്ന നിബന്ധനയ്ക്കെതിരെയാണ് ബസ് ജീവനക്കാർ രംഗത്തുവന്നത്. കൊടുങ്ങല്ലൂരിൽ നിന്ന് പറവൂരിലേക്ക് 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. പുതിയ നിബന്ധന പ്രകാരം നഗരം ചുറ്റിയാൽ മുനിസിപ്പൽ, കെ.എം.കെ, ചേന്ദമംഗലം കവലകളിലെ ട്രാഫിക് സിഗ്നൽ കടക്കണം. ഗതാഗതക്കുരുക്കുള്ള നഗരത്തിലൂടെ ഇത്തരത്തിൽ സർവീസ് നടത്തുമ്പോൾ പത്ത് മിനിറ്റ് അധികം വേണ്ടിവരും. നഗരത്തിൽ ഗതാഗതപരിഷ്കരണം നടപ്പാക്കിയതിന്റെ പേരിൽ ബസുകളുടെ സമയം ആർ.ടി.എ ബോർഡ് നീട്ടിക്കൊടുക്കാനുള്ള സാദ്ധ്യത കുറവാണ്. മുനിസിപ്പൽ കവല മുതൽ താലൂക്ക് ആശുപ്രതി വരെയുള്ള റോഡരികിൽ ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. വാഹനങ്ങൾ സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ പാർക്ക് ചെയ്യാനാണ് നിർദേശം. നഗരത്തിലുണ്ടായിരുന്ന പേആൻഡ് പാർക്ക് സംവിധാനം നിലവിലില്ല.
മതിയായ മുന്നൊരുക്കമില്ലാതെ നടത്തിയ ഗതാഗത പരിഷ്കരണമാണെന്നുള്ള ആക്ഷേപമുണ്ട്. ട്രാഫിക് പരിഷ്കരണം പ്രാരംഭഘട്ടത്തിലാണെന്നും പോരായ്മകൾ പരിഹരിച്ച് വിവിധ ഘട്ടങ്ങളിലായി പൂർണതോതിൽ നടപ്പാക്കുമെന്നും നഗരസഭാ ചെയർപേഴ്സൺ വി.എ.പ്രഭാവതിയും വൈസ് ചെയർമാൻ എം.ജെ.രാജുവും പറഞ്ഞു.
------------------------------------------------------------------
അശാസ്ത്രീയ ഗതാഗത പരിഷ്കരണം പുനപ്പരിശോധിക്കണമെന്ന്
ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി പറവൂർ നഗരത്തിൽ നടപ്പാക്കിയ അശാസ്ത്രീയ ഗതാഗത പരിഷ്കരണം പുനപ്പരിശോധിക്കണമെന്ന് മോട്ടോർ തൊഴിലാളി കോ ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പരിഷ്കരണങ്ങൾ നടപ്പാക്കാനായി വിളിച്ചയോഗം കോ ഓർഡിനേഷൻ കമ്മറ്റി പ്രതിനിധികളെ അറിയിച്ചില്ല. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ നഗരം ചുറ്റണമെന്ന നിർദേശം ഗതാഗതകുരുക്ക് വർദ്ധിപ്പിക്കാൻ ഇടയാക്കും. പോരായ്മകൾ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട സംഘടനകളെക്കൂടി ഉൾപ്പെടുത്തി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി വീണ്ടും വിളിച്ചുചേർക്കണം. പരാതികൾ പരിഹരിച്ച് ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ചെയർമാൻ വി.സി.പത്രോസ്, കൺവീനർ പി.ആർ.പ്രസാദ്, സി.ആർ.ബാബു, പറവൂർ ആന്റണി, എം.എസ്. ഉണ്ണിക്കൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.