ആലുവ: ആലുവ-മൂന്നാർ റോഡിൽ അശോകപുരം കാർമ്മൽ കവലയിലെ അനധികൃത ഷെഡ് നിർമ്മാണം കണ്ടില്ലെന്ന് നടിച്ച അധികാരികൾ ഒടുവിൽ കണ്ണുതുറന്നു. ഇന്നലത്തെ 'കേരളകൗമുദി' വാർത്തയെ തുടർന്ന് അധികൃതർ കൈയേറ്റം നേരിൽ കണ്ടു. നാട്ടുകാരിൽ നിന്ന് പരാതിയും അവർ കേട്ടു. കൈയേറ്റക്കാരന് ഇന്ന് നോട്ടീസ് നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എക്സിക്യുട്ടീവ് എൻജിനിയർ മുഹമ്മദ് ബഷീർ 'കേരളകൗമുദി'യോട് പറഞ്ഞു.
കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാവിലെ ഓവർസിയർ സ്മിത സ്ഥലം സന്ദർശിച്ചെങ്കിലും അനധികൃത നിർമ്മാണം നടത്തിയയാളെ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് സമീപവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ തുടർച്ചയെന്ന നിലയിൽ ഇന്ന് നോട്ടീസ് നൽകും. കൈയേറ്റക്കാരൻ സ്വന്തം നിലയിൽ പൊളിച്ച് നീക്കിയില്ലെങ്കിൽ പി.ഡബ്ളിയു.ഡി ചെലവിൽ പൊളിച്ച് നീക്കിയ ശേഷം നിയമാനുസൃത നടപടിയെടുക്കാനുമാണ് തീരുമാനം.
കാർമ്മൽ മുതൽ ചൂണ്ടി വരെയുള്ള ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി ഇഴയുന്നതിനിടെയാണ് ഇവിടെ പുതിയ കൈയേറ്റങ്ങൾ നടക്കുന്നത്. കൈയേറ്റത്തിനെതിരായ കേരളകൗമുദി വാർത്തയ്ക്ക് ഇന്നലെ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും വിവിധ സംഘടന പ്രവർത്തകരുമെല്ലാം വാർത്തക്ക് പിന്തുണയുമായെത്തി.
കൈയേറ്റത്തിന് പിന്നിൽ മാഫിയയെന്ന് വ്യാപാരികൾ
വഴിയോരക്കച്ചവടത്തിനും കൈയേറ്റത്തിനും എതിരായ നിലപാടുകൾക്ക് വ്യാപാരികളുടെ പൂർണ പിന്തുണയുണ്ടെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടോമി വർഗീസ് പറഞ്ഞു. കാർമ്മൽ, ചൂണ്ടി, ചുണങ്ങംവേലി ഭാഗത്തെ കൈയേറ്റത്തിന് പിന്നിൽ വൻമാഫിയയുണ്ട്. അതിന്റെ തെളിവ് സഹിതം പഞ്ചായത്ത് ഭരണസമിതിയെയും പി.ഡബ്ളിയു.ഡിയെയും ബോധ്യപ്പെടുത്തിയിട്ടും നടപടിയെടുക്കാത്തതിന് പിന്നിൽ മാഫിയ ബന്ധമാണ്. കഴിഞ്ഞ ദിവസം ചുണങ്ങംവേലി സ്‌കൂളിന് മുന്നിൽ അനധികൃത കട കെട്ടിയ അന്യസംസ്ഥാനക്കാരനെ തടഞ്ഞപ്പോൾ വാർഡ് അംഗത്തിന്റെ അനുവാദമുണ്ടെന്നും തടയാൻ നിങ്ങൾക്കെന്താ അവകാശമെന്നുമായിരുന്നു മറുചോദ്യം.