കൊച്ചി: സമഗ്രവും സുതാര്യവുമായി കേരളത്തിൽ ഡിജിറ്റൽ റീസർവേ നടപ്പിലാക്കുമെന്നും അനധികൃതമായി ഭൂമി കൈവശംവയ്ക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. കളമശേരിയിൽ നടന്ന ജില്ലതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോർസ്റ്റേഷൻ, റിയൽ ടൈം കൈനമാറ്റിക്, ഡ്രോൺസർവേ എന്നിവ സമന്വയിപ്പിച്ച് കൃത്യതയോടെയാണ് സർവേ നടപ്പിലാക്കുക. അളക്കുന്നതിന് മുമ്പേ ഉടമയെ അറിയിക്കുകയും അവരുടെ സാന്നിദ്ധ്യത്തിൽ ഭൂമി അളക്കുകയുംചെയ്യും. വില്ലേജ് രേഖയും കൈവശരേഖയും ഒരുപോലെ പരിശോധിച്ചായിരിക്കും സർവേനടത്തുക. പുറമ്പോക്ക് ഭൂമികൾ കൃത്യമായി അർഹരായവർക്ക് ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. 2477 അപേക്ഷകർക്ക് പട്ടയവും ക്രയവിക്രയ സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു. മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭൂരഹിതരായ എല്ലാവർക്കും ഭൂമി ലഭ്യമാക്കുന്നതിനാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഫോർട്ട്‌കൊച്ചി റവന്യൂ ഡിവിഷനിലെ കണയന്നൂർ, കൊച്ചി, പറവൂർ, ആലുവ താലൂക്കുകളിലെ പട്ടയവിതരണം കളമശേരിയിലും കണയന്നൂർ താലൂക്കിൽ 18, കൊച്ചി താലൂക്കിൽ 40, പറവൂർ താലൂക്കിൽ 5, ആലുവയിൽ 14 പട്ടയങ്ങളും 357 ദേവസ്വം പട്ടയങ്ങളും 1431 ലാൻഡ് ട്രൈബ്യൂണൽ പട്ടയവും വിതരണം ചെയ്തു.

ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, കെ. എൻ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കളമശേരി നഗരസഭാ ചെയർപേഴ്‌സൺ സീമ കണ്ണൻ, ജില്ലാ കളക്ടർ ഡോ. രേണുരാജ്, എ.ഡി.എം എസ്. ഷാജഹാൻ, ഫോർട്ടുകൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ്, അസിസ്റ്റന്റ് കളക്ടർ (യു.ടി) ഹർഷിൽ ആർ. മീണ തുടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.