പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മ പരിപാലന സഭ വക ഇടവൂർ യു.പി.സ്‌കൂൾ ഹിന്ദി അദ്ധ്യാപിക എ.ആർ. ലീലയ്ക്ക് രാഷ്ട്രഭാഷ ശ്രേഷ്ഠാചാര്യ പുരസ്‌കാരം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ സമ്മാനിച്ചു. വായനപൂർണിമ ഭാഷാവാരാചരണത്തിന്റെ ഭാഗമായി ആരംഭിച്ചതാണ് പുരസ്‌കാരം. ഹിന്ദി അദ്ധ്യാപനത്തിലെ മികവിനും സുഗമ പരീക്ഷയിലെ കുട്ടികളുടെ ഉന്നത വിജയത്തിനും സുരിലി ഹിന്ദി പോലുള്ള പദ്ധതികൾ നടപ്പിലാക്കി വിജയിപ്പിച്ചതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. മാതൃവിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സ്‌കൂൾ മാനേജർ വി.എസ്.അജയ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി ബഹുമതിപത്രം നൽകി. വായനപൂർണിമ ചീഫ് കോ ഓർഡിനേറ്റർ ഇ.വി.നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. വായനപൂർണിമ ട്രഷറർ എം.എം.ഷാജഹാൻ ലഹരിബോധന ബാഡ്ജ് വിതരണം ചെയ്തു വാർഡ് അംഗം രാജേഷ് മാധവൻ , ഹെഡ്മിസ്ട്രസ് കെ.സി. ടെൻസി , എസ്.ആർ.ജി കൺവീനർ ഇ.ബി.ശ്രീകാന്ത് എന്നിവർ സംസാരിച്ചു.