
പെരുമ്പാവൂർ: ഇരിങ്ങോൾക്കാവിലെ മരം വീണ് കടപുഴകി വീണു. ഇവിടെയുളള പൈൻ, പന എന്നിവയാണ് നിലംപൊത്തിയത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. എയ്‌സ് മിനി ലോറി, പെട്ടിക്കട എന്നിവയുടെ മുകളിലാണ് മരംവീണത്. വൈദ്യുതി ലൈനിൻ വീണശേഷമാണ് മരങ്ങൾ കടയിലേക്കും വാഹനത്തിലേക്കും പതിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻ അപകടം ഒഴിവായി.
ബേക്കറി സാധനങ്ങൾ ഡോർ ഡെലിവറി നടത്തുന്ന വാഹനം കടമയുടെ സമീപം നിർത്തിയിട്ട ശേഷം ഡ്രൈവറായ നെല്ലിക്കുഴി സ്വദേശി എൻ.എ അസ്‌റത്ത് അടുത്തുള്ള കടയിലേക്ക് പോയപ്പോഴാണ് മരം വീണത്. താത്കാലിക കടയുടെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. മരങ്ങളുടെ ശിഖിരം റോഡിൽ കുത്തി നിന്നതിനാൽ വാഹനത്തിന് കാര്യമായ കേടുപാടുകളില്ല. പെരുമ്പാവൂർ അഗ്‌നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുനിൽ മാത്യു, എ.എം. ജോൺ, പി.എസ്.ഉമേഷ്, എസ്.വി.ശ്രീകുട്ടൻ, ബിബിൻ മാത്യു ,കെ.സുധീർ, എം.കെ.മണികണ്ഠൻ, സതീഷ് ചന്ദ്രൻ, ബെന്നി ജോർജ്, കെ.വി.ജോണി, പി.ഒ.വർഗീസ് എന്നിവരും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ യത്നിച്ചാണ് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.