പറവൂർ: കോടതി ഉത്തരവ് ലംഘിച്ച് തണ്ണീർത്തടം നികത്തിയ സംഭവത്തിൽ വില്ലേജ് അധികൃതരോട് പറവൂർ തഹസിൽദാർ റിപ്പോർട്ട് തേടി. കോട്ടുവള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനച്ചാൽ പുഴയോട് ചേർന്നുള്ള പതിനാറ് ഏക്കർ കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടമാണ് വീണ്ടും നികത്താൻ ശ്രമിച്ചത്.
പതിനാറ് ഏക്കറിന് അടുത്തുള്ള കുറച്ച് ഭൂമി തരംമാറ്റാൻ അനുമതി ലഭിച്ചിരുന്നു. ഈ രേഖകൾ ഉപയോഗിച്ചാണ് തണ്ണീർത്തടം നികത്തുന്നത്. തരംമാറ്റിയ ഭൂമിയിലല്ലാതെ അനധികൃത നിർമാണങ്ങൾ പാടില്ലെന്ന കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുള്ളതാണ്. ഇത് ലംഘിച്ചാണ് അനധികൃതമായി തണ്ണീർത്തടം നികത്തിയത്. റിപ്പോർട്ട് ലഭിച്ചാൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് പറവൂർ ഭൂരേഖ തഹസിൽദാർ അറിയിച്ചു.