കൊച്ചി: മഹാരാജാസ് കോളജിൽ ബുധനാഴ്ചയുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് അതുൽ, എസ്.എഫ്.ഐ പ്രവർത്തകൻ അനന്ദു, വിദ്യാർത്ഥിയായ അബ്ദുൾ മാലിക്, പുറത്തുനിന്നെത്തിയ ഹഫീസ് എന്നിവരെയാണ് സെൻട്രൽ പൊലീസ് ജാമ്യമില്ലാവകുപ്പടക്കം ചുമത്തി അറസ്റ്റുചെയ്തത്.
ബുധനാഴ്ച വൈകിട്ട് ആറരയോടെ എറണാകുളം ജനറൽ ആശുപത്രിക്ക് സമീപമായിരുന്നു മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ - കെ.എസ്.യു ഏറ്റുമുട്ടൽ. മുമ്പ് കാമ്പസിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഏറ്റുമുട്ടലെന്നാണ് പൊലീസ് ഭാഷ്യം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.