11
എറണാകുളം വൈറ്റില റൂട്ടിലോടുന്ന അൻസോം ബസിലെ ജീവനക്കാർ നടുറോഡിൽ ബസിട്ട് ഡീസൽ നിറക്കുന്നു


തൃക്കാക്കര: യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് ഡീസൽ തീർന്ന് റോഡിൽ കിടന്ന സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. എറണാകുളം വൈറ്റില റൂട്ടിലോടുന്ന അൻസോം എന്ന സ്വകാര്യ ബസിനെതിരെയാണ് നടപടി. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം.

എറണാകുളത്ത് വാഹനപരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പാലാരിവട്ടം കലൂർ റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധയിൽപ്പെടുന്നത്. കാരണം അന്വേഷിച്ചിറങ്ങിയ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എം. നജീബ്, ഭരത്ചന്ദ്രൻ, കെ.എസ് സഗീർ എന്നിവർ കലൂർ പള്ളിക്ക് സമീപം ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയ്ക്ക് പോകുകയായിരുന്ന ബസിൽ ഡ്രൈവറും കണ്ടക്ടറുംകൂടി ഡീസൽ വാങ്ങിക്കൊണ്ടുവന്ന് നിറക്കുന്നത് കണ്ടത്. ഉദ്യോഗസ്ഥർ ബസിലുണ്ടായിരുന്ന യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. ആവശ്യത്തിന് ഇന്ധനമില്ലാതെ യാത്രക്കാരെ കയറ്റി സർവീസ് നടത്തുക, യാത്രക്കാർ ബസിലുള്ളപ്പോൾ ഇന്ധനം നിറക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു.