1

തോപ്പുംപടി: പൊലീസ് അറസ്റ്റുചെയ്ത സഹോദരൻ നിരപരാധിയാണെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ട് പൊലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഏറെനേരം മുൾമുനയിൽ നിറുത്തി യുവാവിന്റെ ആത്മഹത്യാ ഭീഷണി. തോപ്പുംപടി ഹാർബർ പാലത്തിന് മുകളിൽ കയറിയാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. മട്ടാഞ്ചേരി മരക്കടവ് സ്വദേശി കമാലാണ് (27) ഇന്നലെ രാവിലെ എട്ടോടെ പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള തൂണിന് മുകളിൽക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒന്നര മണിക്കൂറോളം പാലത്തിലൂടെ വാഹന ഗതാഗതവും തടസപ്പെട്ടു.

മഹാരാജാസ് കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെത്തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ സഹോദരനെ കാണാൻ അനുവദിക്കണമെന്നും വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. കമാലിന്റെ സഹോദരൻ മഹാരാജാസിൽ പഠിക്കുന്ന അബ്ദുൾ മാലിക്, മറ്റൊരു യുവാവ് തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോളേജിലെ വിദ്യാർത്ഥി അല്ലാത്തയാളാണ് മാലിക്കിന്റെ ഒപ്പമുണ്ടായിരുന്ന യുവാവ്.

മട്ടാഞ്ചേരി ഫയർസ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും തോപ്പുംപടി എസ്.ഐ സെബാസ്റ്റ്യൻ.പി. ചാക്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സംഭവമറിഞ്ഞ് പാലത്തിൽ തടിച്ചുകൂടിയവരും ഏറെനേരം ശ്രമിച്ചെങ്കിലും യുവാവ് താഴെ ഇറങ്ങിയില്ല. തുടർന്ന് ഡെപ്യൂട്ടി കമ്മിഷണർ എസ്. ശശിധരൻ, അസി.കമ്മീഷ്ണർമാരായ അരുൺ കെ പവിത്രൻ, പി.രാജ്കുമാർ എന്നിവരെത്തിയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്. ഇയാൾക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുത്തു. പിന്നിട് വീട്ടുകാരെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു.