പറവൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങളാക്കുന്നതിനുള്ള ബാരിയർ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി ചേന്ദമംഗലം ഗവ. എൽ.പി സ്കൂൾ ഗ്രൗണ്ട് നവീകരിക്കാൻ പതിനഞ്ച് ലക്ഷം രൂപയുടെ അനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ജില്ലയിൽ പതിനാല് സ്കൂളുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയട്ടുള്ളത്. വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഗ്രൗണ്ട് വൃത്തിയാക്കി മണ്ണിട്ട് ഉയർത്തി റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്നതിനാണ് പദ്ധതി. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു കഴിഞ്ഞാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി എത്രയുംവേഗം നിർമ്മാണം ആരംഭിക്കുമെന്നും പ്രതിപക്ഷേനേതാവ് അറിയിച്ചു.