 
പള്ളുരുത്തി: ജില്ലയിലെ ഒട്ടുമിക്ക റോഡുകളുടെയും ജോലികൾ പൂർത്തിയായെങ്കിലും ചെല്ലാനം പഞ്ചായത്തിലെ കളത്തറ-കുതിരക്കൂർകരി ഭാഗത്തേക്കുള്ള റോഡിന്റെ നിർമ്മാണം അനിശ്ചിതമായി നീളുന്നു. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം ടൂറിസം വികസനം കാത്തിരിക്കെയാണ് തകർന്ന റോഡ് ദുരിതം തീർക്കുന്നത്.
ചെല്ലാനം പഞ്ചായത്തിനെയും കൊച്ചിൻ കോർപ്പറേഷനെയും ബന്ധിപ്പിക്കുന്ന കുതിരക്കൂർ കരി റോഡ് കടന്നുപോകുന്നത് കളത്തറ ഭാഗത്തുകൂടിയാണ്. പുലർച്ചെ നിരവധി പേരാണ് ഈ ഭാഗത്ത് പ്രഭാത സവാരിക്കായെത്തുന്നത്. ക്രിസ്ത്യൻ പള്ളിയിലേക്ക് പോകുന്നവരും ഏറെയുണ്ട്. ഇവരെല്ലാം മഴ പെയ്താൽ ചെളിക്കുണ്ടായി കിടക്കുന്ന റോഡിലൂടെ യാത്ര ചെയ്യേണ്ട ദുരവസ്ഥയിലാണ്. ഇതിന് സമീപത്ത് രണ്ട് സ്കൂളുകളും പ്രവർത്തിക്കുന്നു. രണ്ട് സ്കൂളിലേക്കുമായി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നിരവധി ലോറികളും ദിവസേന ഇതുവഴി സഞ്ചരിക്കുന്നു. പഞ്ചായത്ത് ഭരണം എൽ.ഡി.എഫിൽ നിന്ന് 20ട്വന്റി പിടിച്ചെടുത്തതോടെ ഫണ്ടുകൾ അനുവദിക്കാത്തതാണ് ജോലികൾ തുടങ്ങാൻ കഴിയാത്തതിന് കാരണമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. എം.എൽ.എയും പഞ്ചായത്ത് അംഗവും ഇടപെട്ട് റോഡ് പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.