കൊച്ചി: നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കാൻ അമൃത്പദ്ധതിയിൽ ഉൾപ്പെടുത്തി സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികൾ ആവിഷ്‌കരിക്കാൻ കൊച്ചി കോർപ്പറേഷൻ തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ നേതൃയോഗം പാലാരിവട്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു മണിക്കൂറോളം തുടർച്ചയായി മഴപെയ്താൽ കൊച്ചി വെള്ളത്തിലാകുന്ന അവസ്ഥയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൊഴിൽവൈദഗ്ദ്ധ്യം നേടിയ യുവാക്കൾക്കും വ്യവസായികൾക്കും മികച്ച അവസരങ്ങൾ ലഭിക്കണമെങ്കിൽ എൻ.ഡി.എ കേരളത്തിൽ അധികാരത്തിൽ വരണമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പാർട്ടിയുടെ സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലാ, മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കും. ഡിസംബർ ആദ്യവാരം എറണാകുളത്ത് ഏകദിന ശില്പശാല സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ് അദ്ധ്യക്ഷനായി.
ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ പി.എസ്. ജ്യോതിസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി പച്ചയിൽ സന്ദീപ്, സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, ഷൈൻ കെ. കൃഷ്ണൻ, അജി നാരായണൻ, സി.എൻ. രാധാകൃഷ്ണൻ, ഷൈജു മനക്കപ്പടി, ചന്ദ്രബോസ്, സതീഷ് കാക്കനാട്, മണ്ഡലം പ്രസിഡന്റുമാരായ വി.ടി. ഹരിദാസ്, കെ.കെ. പീതാംബരൻ, പി.കെ. വേണു, ദേവരാജൻ, പി.ബി. സുജിത്ത്, ടി.ആർ. അഭിലാഷ്, രംജിത് രാജ്, പി.എ. സോമൻ, സി.കെ. ദിലീപ്, ജയദേവൻ മാടവന, മോഹൻകുമാർ, മഹിളാസേന നേതാക്കളായ നിർമ്മല ചന്ദ്രൻ, ലൈല സുകുമാരൻ, ബീന നന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജയരാജ് എന്നിവർ സംസാരിച്ചു.