
പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട ഡബ്ള്യു.ആർ-വി എസ്.യു.വിയുടെ പുത്തൻ പതിപ്പ് ഇൻഡോനേഷ്യൻ വിപണിയിലെത്തിച്ചു. നിലവിലെ മോഡലിനേത്താൾ നീളവും വീതിയും ഉയരവുമുള്ള പുതിയ മോഡലിന് ഫ്രഷ് രൂപകല്‌പനയും ഹോണ്ട നൽകിയിരിക്കുന്നു. ഹോണ്ട സിറ്റി, അമേസ് എന്നിവയുടെ പ്ളാറ്റ്‌ഫോം പങ്കിടുന്ന ഈ പുത്തൻ എസ്.യു.വി വൈകാതെ ഇന്ത്യയിലുമെത്തും. ഹോണ്ടയുടെ കോൺസെപ്‌റ്റ് ആർ.എസ് എസ്.യു.വിയുടെ പ്രൊഡക്ഷൻ പതിപ്പാണ് ഈ മോഡൽ.
മറ്റ് മോഡലുകളായ സി.ആർ-വി., എച്ച്.ആർ-വി എന്നിവയിൽ നിന്ന് രൂപകല്‌പനയിലെ സ്‌റ്റൈലിഷ് ലുക്ക് പുതിയ ഡബ്ള്യു.ആർ-വി കടംകൊണ്ടിട്ടുണ്ട്. ഹോണ്ട സിറ്റിയിലെ 1.5 ലിറ്റർ പെട്രോൾ എൻജിനാണ് ഈ മോഡലിലുമുള്ളത്. 121 ബി.എച്ച്.പിയാണ് കരുത്ത്. ടോർക്ക് 145 എൻ.എം. ഫീച്ചറുകളിലും സമ്പന്നമായ പുത്തൻ ഡബ്ള്യു.ആർ-വിക്ക് ഇന്ത്യയിൽ 5-സ്പീഡ് മാനുവൽ, സി.വി.ടി ട്രാൻസ്‌മിഷൻ ഓപ്‌ഷനുകൾ പ്രതീക്ഷിക്കാം.