തൃപ്പൂണിത്തുറ: രാജനഗരിയുടെ പ്രൗഢിയിൽ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം എട്ടു ദിവസം നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവത്തിന് ഒരുങ്ങുന്നു.നവംബർ 21ന് കൊടിയേറുന്ന ഉത്സവം 28 ന് ആറാട്ടോടെ സമാപിക്കും. ഇരുപത്തിനാലിനാണ് പ്രസിദ്ധമായ തൃക്കേട്ട പുറപ്പാട്.
രാവിലെയും രാത്രിയിലും ഉള്ള പതിനഞ്ചാനപ്പുറത്തുള്ള ശീവേലിയും പഞ്ചാരിമേളവും ആണ് ഉത്സവത്തിൽ കൂടുതൽപേരെ ആകർഷിക്കുന്ന വർണ്ണക്കാഴ്ച്ച. ഓരോ ദിവസവും പ്രഗത്ഭരായ മേള കലാകാരന്മാർ 120 -ഓളം വരുന്ന കലാകാരന്മാരെ നയിച്ച് മേളം പ്രമാണിത്വ വഹിക്കും. ഇരുപത്തിനാല് മണിക്കൂറും അനുഷ്ഠാന കലാപരിപാടികൾ കൊണ്ട് ക്ഷേത്ര മതിൽക്കകം പ്രൗഢമാകും.
കൊടയേറിയ ഉടൻ ആനകൊട്ടിലിൽ തായമ്പക അരങ്ങേറും. ആദ്യ മൂന്നു ദിവസങ്ങളിൽ ഇതുണ്ടാവും. ഇതോടൊപ്പം തന്നെ തെക്കേ ഗോപുരനടയിൽ കോൽക്കളി ഉണ്ടാവും. പടിഞ്ഞാറേ സ്റ്റേജിൽ കുറത്തിയാട്ടം അരങ്ങേറും. ഊട്ടുപുര മാളികയിൽ ആകട്ടെ സംഗീത കച്ചേരികളാവും നടക്കുക. രാത്രി ആനക്കൊട്ടിലിൽ വിളക്കിന് എഴുന്നള്ളിക്കുമ്പോൾ ഊട്ടുപുര മാളികയുടെ പടിഞ്ഞാറേ അറ്റത്തു കളിവിളക്കു തെളിഞ്ഞിട്ടുണ്ടാകും.
പ്രഗത്ഭരായ കഥകളി നടന്മാരും ഗായകരും പക്കാമേളക്കാരും പുലരും വരെ നീണ്ടു നിൽക്കുന്ന കഥകളിയുടെ ഭാഗമാകും. രാവിലെ ശീവേലി കഴിഞ്ഞാലുടൻ പടിഞ്ഞാറേ തട്ടുമാളികക്കു താഴെ ഓട്ടൻതുള്ളൽ ആരംഭിക്കും. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്ത് ഉത്സവ ബലി തുടങ്ങിയ അനുഷ്ഠാനപ്രധാനമായ ചടങ്ങുകളും നടക്കും.
സംസ്ഥാനത്തെ അറിയപ്പെടുന്ന ഗജവീരന്മാരും സംഗീത വിദുഷികളും മേള പ്രമാണിമാരും കഥകളി കലാകാരന്മാരും നാടൻ കലാകാരന്മാരുംവരെ വൃശ്ചികോത്സവം കെങ്കേമമാക്കാൻ ക്ഷേത്ര മതിൽക്കകത്തു ഒത്തുകൂടുമെന്നതും സവിശേഷതകളിൽപ്പെടുന്നു.