nh-66-work-

പറവൂർ: മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിലെ ദേശീയപാത 66 നിർമ്മാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി രണ്ടാമത്തെ പദ്ധതി പ്രദേശത്തും പണികൾ ആരംഭിച്ചു. തെക്കേനാലുവഴി - തോന്ന്യകാവ് റോഡിൽ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടക്കുന്ന മൈതാനിയുടെ എതിർവശത്തുള്ള സ്ഥലത്താണ് ആരംഭിച്ചത്. അണ്ടർപാസിനായി തൂണുകൾ പണിയാൻ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ച വഴിക്കുളങ്ങരയിൽ നിന്നാണ് നിർമാണ പ്രവർത്തനങ്ങൾക്ക് ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടക്കമിട്ടത്.

അടുത്ത ആഴ്ചയോടെ രണ്ടോ മൂന്നോ പദ്ധതി പ്രദേശത്ത് കൂടി പ്രവർത്തനങ്ങൾ തുടങ്ങും. കമ്പനിയുടെ കൂടുതൽ ജീവനക്കാരും യന്ത്രങ്ങളും വിവിധ സ്ഥലങ്ങളിൽ എത്തും. 910 ദിവസമാണ് റോഡ് നിർമ്മാണത്തിന്റെ കരാർ കാലാവധി ഒക്ടോബർ 25 മുതൽ ദിനങ്ങൾ എണ്ണിത്തുടങ്ങി.

ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്തെ ചില കെട്ടിടങ്ങൾ ഇനിയും പൊളിക്കാനുണ്ട് റോഡ് നിർമ്മാണം നടക്കുന്ന മറ്റു സ്ഥലങ്ങളെ അപേക്ഷിച്ചു കെട്ടിടങ്ങൾ പൊളിച്ച് നീക്കാൻ ഇടപ്പിള്ളി മൂത്തകുന്നം റീച്ചിൽ കാലതാമസമുണ്ടായി പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ ചിലയിടത്ത് നിന്നു നീക്കിയിട്ടില്ല. നിർമ്മാണം തുടങ്ങുന്ന സമയത്തു കമ്പനിയുടെ യന്ത്രങ്ങൾ ഉപയോഗിച്ച് ഇവ നീക്കാൻ കഴിയും. ബാക്കിയുള്ള കെട്ടിടങ്ങൾ എത്രയും വേഗം പൊളിക്കാനുള്ള നടപടികളുണ്ടാകും.