ആലുവ: ആലുവ മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലക്കി സ്റ്റാർ ട്രോഫിക്കും ഭീമ ജുവൽസ് റണ്ണേഴ്‌സ് കപ്പ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഫുട്‌ബാൾ ടൂർണമെന്റ് നാളെ വൈകിട്ട് 7.30 ന് ആലുവ മുനിസിപ്പൽ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിയ്ക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്, ആലുക്കാസ് തൃശൂർ, മദീന എഫ്.സി ചെർപ്പുളശ്ശേരി, സൂപ്പർ സോക്കർ മലപ്പുറം, ലക്കി സ്റ്റാർ ആലുവ, ബേസിക് പെരുമ്പാവൂർ, എഫ്.സി കോതമംഗലം, ഫന്റാസ്റ്റിക് ചാലക്കുടി തുടങ്ങിയ ടീമുകൾ മത്സരിക്കും. ഉദ്ഘാടന മത്സരത്തിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും എഫ്.സി കോതമംഗലവും തമ്മിൽ ഏറ്റുമുട്ടും.
12ന് രാത്രി ആലുവയിലെ രാഷ്ട്രീയ നേതാക്കളുടെ ടീമും ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ ടീമും തമ്മിലുള്ള പ്രദർശന മത്സരവും നടക്കും. 13നാണ് ഫൈനൽ മത്സരം. പ്രവേശനം സൗജന്യമാണ്. ട്രഷറർ ജോണി മൂത്തേടൻ, ലത്തീഫ് പൂഴിത്തറ, കെ.സി. ബാബു, പി.എം. മൂസാക്കുട്ടി, അജ്മൽ കാമ്പായി, അൽബാബ് അസീസ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.