തൃക്കാക്കര: മാലിന്യവുമായി പോയ ലോറിയിൽ നിന്ന് മലിനജലം റോഡിലേക്കൊഴുകിയതിനെ തുടർന്ന് വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെട്ടതും അസഹനീമായ ദുർഗന്ധം പ്രദേശത്ത് വ്യാപിച്ചതും വൻപ്രതിഷേധത്തിന് വഴിവെച്ചു.
ഇന്നലെ രാവിലെ 11 നാണ് സംഭവം. ബ്രഹ്മപുരത്തേക്ക് തൃക്കാക്കര നഗരസഭയുടെ മാലിന്യവുമായി പോകുകയയായിരുന്ന ലോറി കാക്കനാട് ഐ.എം.ജി ജംഗ്ഷനിൽ സൈനികാശ്രമത്തിന് മുന്നിൽവച്ച് തകരാറായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. നിർത്തിയിട്ട ലോറിയുടെ ബോഡിയിൽ നിന്ന് ഒലിച്ചിറങ്ങിയ മലിന ജലം മിനിറ്റുകൾക്കകം റോഡിൽ പരന്നു. ഇതുവഴി വന്ന മൂന്ന് ഇരുചക്രവാഹന യാത്രികർ റോഡിലെ മലിനജലത്തിൽ തെന്നി മറിഞ്ഞ് വീണു. മൂവരെയും തൊട്ടടുത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി വിട്ടയച്ചു. മലിനജലം മൂലമുള്ള ദുർഗന്ധവും അപകടവും ഉണ്ടായതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. എത്രയും വേഗം ലോറി റോഡരികിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ബഹളംവച്ചു. ഒടുവിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും മറ്റും എത്തി മാലിന്യം മറ്റൊരു ലോറിയിലേക്ക് മാറ്റുകയായിരുന്നു. തൃക്കാക്കര അഗ്നിരക്ഷാ സേനയും പോലീസും എത്തി റോഡു കഴുകി വൃത്തിയാക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.