കൊച്ചി: കോമ്പാറ ജംഗ്ഷനു സമീപം ചൂളക്കപ്പറമ്പിൽ പന്ത്രണ്ടും ഒമ്പതും വയസുള്ള പെൺമക്കളെ ഇരുനില വീടിന്റെ മുകളിൽ നിന്ന് തള്ളിയിട്ട ശേഷം യുവതി താഴേക്കു ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മൂവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുകുട്ടികളും ഐ.സി.യുവിലാണ്. ഗുരുതരമായി പരിക്കേറ്റ മൂത്തമകൾ വെന്റിലേറ്ററിലാണ്. അമ്മയുടെ മുഖത്തും ശരീരത്തും മുറിവുകളുണ്ടെങ്കിലും സാരമായ പരിക്കില്ല.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. വടുതലയിലെ ഭർതൃവീട്ടിൽ നിന്ന് രാവിലെയാണ് യുവതി ചൂളക്കപ്പറമ്പിലെ സ്വന്തം വീട്ടിലെത്തിയത്. ഈ ഭാഗത്ത് റീഡിംഗ് എടുക്കാനെത്തിയ ജല അതോറിട്ടി ഉദ്യോഗസ്ഥനാണ് സംഭവം ആദ്യം കണ്ടത്. റീഡിംഗ് എടുക്കുന്നതിനിടെ എന്തോ വീഴുന്ന ശബ്ദം കേട്ടെങ്കിലും തേങ്ങയാകുമെന്ന് കരുതി. രണ്ടാമതും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മൂവരും വീണുകിടക്കുന്നത് കണ്ടത്. ഉടൻ അടുത്ത വീടുകളിൽ വിവരം അറിയിച്ച് ഇവരെ കാറിൽ ആശുപത്രിയിൽ എത്തിച്ചു.
യുവതി ഭർതൃവീടിന്റെ അയൽവാസികൾക്കെതിരെ, തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് നേരത്തെ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.