കൊച്ചി: അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനവും എക്സ്പോയും നാളെ സമാപിക്കും. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയരൂപീകരണ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ, മെട്രോ റെയിൽ കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ, ഗതാഗത സ്ഥാപനങ്ങളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാർ, അന്താരാഷ്ട്ര വിദഗ്ദ്ധർ, പ്രൊഫഷണലുകൾ, അക്കാഡമിക് വിദഗ്ദ്ധർ, വിദ്യാർത്ഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
ആഗോളതലത്തിലെ നവീനവും മികച്ചതുമായ നഗരഗതാഗത സംവിധാനങ്ങൾ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന സമ്മേളനത്തിൽ സെമിനാറുകൾ, സംവാദങ്ങൾ, ദേശീയ അന്തർദേശീയ വിദഗ്ദ്ധർ നയിക്കുന്ന ചർച്ചകൾ തുടങ്ങിയ പരിപാടികളാണുള്ളത്.