മൂവാറ്റുപുഴ: മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ അടിപൊളിയാക്കുവാനുള്ള തിരക്കിലാണ് പൊലീസുകാർ. സ്റ്റേഷനകത്തും പുറത്തും പൂന്തോട്ടം ഒരുക്കി വർണ്ണ കാഴ്ചയൊരുക്കകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം.
വീടിന്റെ പ്രതീതി ഉണ്ടാക്കുന്ന രീതിയിൽ ഇൻഡോർ ഔട്ട്ഡോർ ചെടികൾ കൊണ്ട് പൂന്തോട്ടം ഒരുക്കിയിരിക്കുകയാണ്. സ്റ്റേഷൻ ഹൗസ് ഇൻസ്‌പെക്ടർ സി. എൻ .രാജേഷിന്റെ നിർദ്ദേശ പ്രകാരം പി.ആർ.ഓ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് ഇൻഡോർ പൂന്തോട്ടം, ഔട്ട്ഡോർ ഒരുക്കിയത്. നൂറോളം ചെടിചട്ടികളിലായി വിലകൂടിയ വിവിധ തരം ചെടികളാണ് പരിപാലിക്കുന്നത്.
ചെടികൾ നനക്കുന്നതിനും പരിപാലിക്കുന്നതിനുമായി പൊലീസ് ഉദ്യോസ്ഥർ സമയം കണ്ടെത്തും. ഫ്ലവേഴ്സ് സ്പെഷ്യൽ, അഗ്രോ ഫോസ്റ്റ് എന്നീ ജൈവവളം ഇട്ടാണ് ചെടികൾ വളർത്തുന്നത്. സ്റ്റേഷനകത്ത് പ്രത്യേകം സ്റ്റാൻഡ് തയ്യാറാക്കിയശേഷം അതിനുള്ളിലാണ് ചെടികൾ നട്ടിട്ടുള്ളത്. സ്റ്റേഷൻ കെട്ടിടത്തിന് പുറത്ത് ചുറ്റും ചെടികൾ കൊണ്ട് നിറക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മുമ്പ് മൂവാറ്റുപുഴ സ്റ്റേഷൻ പരിസരത്ത് പച്ചക്കറിക്കൃഷി നടത്തി റെക്കാഡ് വിളവെടുപ്പ് നടത്തിയവരാണ് മൂവാറ്റുപുഴയിലെ പൊലീസുകാർ. സ്റ്റേഷന് ചുറ്റും പൂചെടികൾ നട്ടു വളർത്തി ചെടികൾ വലുതായി പൂക്കൾ വിടരുമ്പോൾ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പൂങ്കവനമായി മാറുന്നതോടൊപ്പം പൂകൃഷിയിലും റെക്കാഡ് വിളവെടുപ്പ് നടത്തുകയാണ് ഉദ്യോഗസ്ഥരുടെ ലക്ഷ്യം. ഏഴ് വർണ്ണങ്ങളിൽ പൂക്കൾ വിരിയുന്ന ബൊബൻ വില്ലയെന്ന പൂച്ചടികളാണ് മൂവാറ്റുപുഴയിലെ സ്റ്റേഷനിൽ വിടരാൻ പോകുന്നത്.