തൃക്കാക്കര: സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് ഇരയായ യുവാക്കൾ നഗരസഭാ ചെയർപേഴ്സണുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കാക്കനാട് സ്വദേശികളായ അക്ഷയ് സുനിൽ, സജയ് ആന്റണി, അതുൽ ഡൊമിനിക്ക് എന്നിവർ ചെയർപേഴ്സന്റെ ചേമ്പറിലെത്തി കേസിൽ ഇടപെടൽ ആവശ്യപ്പെട്ടത്.

പൊൻകുന്നം സ്വദേശി ഷിബു ചാക്കോ, ഭാര്യയും ഓച്ചിറ സ്വദേശിയുമായ ഷൈജ മോൾ, കാക്കനാട് സ്വദേശിനി സാലി തോമസ് എന്നിവർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകിയരുന്നു. സിംഗപ്പൂരിലെ കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെന്നു പറഞ്ഞ് ഷിബു സമീപിച്ചതിനെ തുടർന്ന് മൂവരും 1,77,200 രൂപ വീതം നൽകി. മാസങ്ങളായിട്ടും യാത്രയ്ക്ക് കഴിയാത്തതിനാൽ ഷിബുവിനെ സമീപിച്ചെങ്കിലും ഒഴിവുകഴിവ് പറഞ്ഞു. സംസ്ഥാനത്ത് 13 യുവാക്കൾ ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പരാതിക്കാർ പറഞ്ഞു. ഷിബുവിനോട് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും എത്തിയില്ല.