
കിഴക്കമ്പലം: പട്ടിമറ്റം ടൗണിലെ കുന്നത്തുനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളെക്സ് കം ഓപ്പണെയർ സ്റ്റേജ് സമൂഹവിരുദ്ധരുടെ താവളമായിട്ട് നാളേറെയായി. നിരവധി പരാതികൾ നാട്ടുകാർ നൽകിയെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല. ഇവിടെ നടക്കുന്ന പരസ്യ മദ്യപാനം പോലും പൊലീസ് കണ്ട മട്ടില്ല.
പട്ടിമറ്റത്ത് ഹൃദയഭാഗത്താണ് ഈ വിക്രിയകൾ പകൽ വെളിച്ചെത്തിൽ നടക്കുന്നത്. ഇവിടെ ഒരു ബാറോ ആക്രിക്കടയോ വഴിയോരവിശ്രമ കേന്ദ്രമോ പകൽവീടോ അല്ല. വിവിധ
പട്ടിമറ്റത്തെ ഏക ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.
ഒരു പറ്റം മദ്യപന്മാർ സ്റ്റേജും പഞ്ചായത്ത് ഷോപ്പിംഗ് കോംപ്‌ളെക്‌സിലെ മുറികളുടെ മുൻ ഭാഗവും അന്തിയുറക്കത്തിന് കൈയേറുകയാണ്. ഇവരിൽ പലരും പട്ടിമറ്റത്തും സമീപ പ്രദേശവാസികളുമാണ്. വിവിധ കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്നറങ്ങേണ്ടി വന്നതോടെ ഇവിടെ തങ്ങുന്നത്.
ഒഴിഞ്ഞ മദ്യക്കുപ്പികളും മുഷിഞ്ഞ് ഉപേക്ഷിച്ച തുണികളും ആക്രിപെറുക്കിയ സാധനങ്ങളും കൊണ്ട് പരിസരമാകെ നിറഞ്ഞിരിക്കുന്നു. കുന്നത്തുനാട് പഞ്ചായത്ത് 2012 ൽ ടൗണിൽ പണി പൂർത്തിയാക്കിയ ഷോപ്പിംഗ് കോംപ്ലക്‌സാണിത്. നേരത്തെ ഇവിടെ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പട്ടിമറ്റം ശാഖ ഇവിടെയായിരുന്നു. പിന്നീട് അസൗകര്യത്തെ തുടർന്ന് മാറ്റി. മുകളിൽ പോസ്റ്റ് ഓഫീസും പബ്ലിക് ലൈബ്രറിയുമുണ്ട്. അവിടേക്ക് കയറുന്ന വഴികളും മദ്യപ സംഘം കൈയടക്കിയിരിക്കുകയാണ്.
നാട്ടുകാർ നിരവധി പ്രാവശ്യം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഷോപ്പിംഗ് കോപ്ലക്‌സ് സംരക്ഷിക്കുന്നതിന് വേണ്ട ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വിവിധ രാഷ്ട്രീയ സാംസ്‌കാരിക പരിപാടികൾക്ക് വേദിയാകേണ്ട ടൗണിലെ പ്രധാന ഇടം സംരക്ഷിക്കാൻ അധികൃതർക്ക് പോലും സാധിക്കുന്നില്ല.