1
പള്ളുരുത്തി വെളി മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്ത ചീഞ്ഞ മത്സ്യങ്ങൾ

പള്ളുരുത്തി: ഭക്ഷ്യസുരക്ഷാ വിഭാഗം പള്ളുരുത്തിവെളി മാർക്കറ്റിൽ നടത്തിയ മിന്നൽ പരിശോധനയിൽ ചീഞ്ഞ മത്സ്യങ്ങൾ പിടികൂടി. ഇവയ്ക്ക് രണ്ടുമാസം പഴക്കമുണ്ടെന്ന് കരുതുന്നു. മാർക്കറ്റിലെ തട്ടുകളിലും അറയിലും സൂക്ഷിച്ച 217 കിലോ മീനാണ് പിടിച്ചത്. രണ്ടാഴ്ച മുമ്പ് തോപ്പുംപടി ബി.ഒ.ടി.മാർക്കറ്റിൽ നിന്ന് 450 കിലോ പഴകിയമത്സ്യം പിടിച്ചെടുത്തിരുന്നു.

ജില്ലയിലെ മാർക്കറ്റുകളിൽ പഴകിയ മീൻ വിൽക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിക്കുന്ന മത്സ്യം ഹാർബറിലെ കോൾഡ് സ്റ്റോറേജുകളിൽ സൂക്ഷിച്ച് തോപ്പുംപടി ഹാർബറിൽ എന്ന പേരിൽ വിൽക്കുകയായിരുന്നു. ചൂര, കേര, തിലോപ്പി, സ്രാവ് ഉൾപ്പെടെയുള്ളവയാണ് പിടിച്ചത്.

ഭക്ഷ്യ സുരക്ഷാ വിഭാഗം കൊച്ചി സർക്കിൾ ഓഫീസർ ഡോ.നിമിഷ പ്രഭാകർ, കളമശേരി സർക്കിൾ ഓഫിസർ എം.എൻ.ഷംസീന, തൃപ്പൂണിത്തുറ സർക്കിൾ ഓഫീസർ വിമല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകളിൽ നിന്ന് ലഭിക്കുന്ന മത്സ്യവിഭവങ്ങളിൽ പലതും മോശമാണെന്ന പരാതികൾക്ക് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. മത്സ്യത്തിൽ അമോണിയം, ഫോർമാലിൻ തുടങ്ങിയ മാരക വിഷവസ്തുക്കൾ കലർത്തിയിട്ടുണ്ടോയെന്നത് സംബന്ധിച്ച് രാസപരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ അധികൃതർ പറഞ്ഞു. നഗരസഭാ ആരോഗ്യ വിഭാഗവും പരിശോധനയിൽ സംബന്ധിച്ചു.