
വൈപ്പിൻ: സുരക്ഷിത യാത്ര ഉറപ്പാക്കി നവീകരിച്ച മുളവുകാട് ടവർ ലൈൻ ബോട്ട്ജെട്ടി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നാടിന് സമർപ്പിച്ചു. കുടിവെള്ളക്ഷാമം പൂർണമായി പരിഹരിക്കാൻ ലക്ഷ്യമിടുന്ന 60.50 കോടി രൂപയുടെ പദ്ധതിയിൽ മുളവുകാട് പത്തുലക്ഷവും പനമ്പുകാട് അഞ്ചുലക്ഷവും ലിറ്റർ ശേഷിയുള്ള ജല സംഭരണികളുടെ നിർമ്മാണം, പഴയ പൈപ്പുകൾ മാറ്റിയിടൽ എന്നിവ ഉൾപ്പെടുന്നു. തകർന്ന നിലയിലായി യാത്ര പേടിസ്വപ്‌നമായിരുന്ന ടവർ ലൈൻ ജെട്ടി 30 ലക്ഷം രൂപ ചെലവിലാണ് പുനരുദ്ധരിച്ചത്. എറണാകുളം, ചിറ്റൂർ, പിഴല, കടമക്കുടി, വരാപ്പുഴ എന്നിവിടങ്ങളിലേക്ക് യാത്രക്ക് നിരവധിപേർ ആശ്രയിക്കുന്ന ടവർ ലൈൻ ജെട്ടിയുടെ നവീകരണം ഇൻലാൻഡ് നാവിഗേഷൻ ഫണ്ടിൽ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് നടത്തിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അക്ബർ അദ്ധ്യക്ഷത വഹിച്ചു. മേജർ ഇറിഗേഷൻ എക്‌സി.എൻജിനിയർ ടി സന്ധ്യ, ഇടപ്പളളി ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷൻ വിവേക് ഹരിദാസ്, ഷെൽമ ഹൈസന്റ്, കെ. കെ. അനിരുദ്ധൻ, കെ. കെ. ജയരാജ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, ഒ. ജി. സൈന, നിക്കോളാസ് ഡിക്കോത്ത് തുടങ്ങിയവർ പങ്കെടുത്തു.