കൊച്ചി: കൊച്ചി സിറ്റി പൊലീസിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി ഡി.ജി.പി അനിൽ കാന്ത്. പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി കൊച്ചിയിലെത്തിയ അദ്ദേഹം, കമ്മിഷണറേറ്റിലെ കൺട്രോൾ റൂം സന്ദർശിച്ചശേഷമാണ് സിറ്റി പൊലീസിന്റെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയത് ' സിറ്റി പൊലീസിന്റെ പ്രവർത്തനം കൊള്ളാം. എങ്കിലും ഇനിയും മെച്ചപ്പെടാനുണ്ട്-അനിൽ കാന്ത് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാവിലെ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനൊപ്പമാണ് പൊലീസ് മേധാവി കമ്മിഷണറേറ്റിൽ എത്തിയത്. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു, ഡി.സി.പി എസ്. ശശിധരൻ എന്നിവരടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ വിവിധ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായി ആശയവിനിമയം നടത്തിയ അനിൽ കാന്ത് സിറ്റി പൊലീസിന്റെ പരിധിയിലെ എല്ലാ സ്റ്റേഷനിലും ജനമൈത്രി സംവിധാനം കാര്യക്ഷമമാക്കുമെന്ന് ഉറപ്പ് നൽകി. അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ പൊലീസ് മുൻകൈയെടുത്ത് ലഹരിവരുദ്ധ കാമ്പയിനുകൾ ഉടൻ ആരംഭിക്കും. നഗരത്തിൽ അലക്ഷ്യമായ ഡ്രൈവിംഗ് വർദ്ധിച്ചെന്നും ഇക്കാര്യം പ്രത്യേകം പരിശോധിക്കണമെന്നും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഇതിൽ നടപടി ഉറപ്പെന്ന് അനിൽ കാന്ത് വാക്കുനൽകി.