കൊച്ചി: എളംകുളത്ത് നേപ്പാളി സ്വദേശിനി ഭാഗീരഥി ഗാമിയെ (30) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കിടക്കവിരിയിലും പ്ലാസ്റ്റിക്കിലും പൊതിഞ്ഞ് വാടകവീട്ടിൽ ഒളിപ്പിച്ച കേസിൽ നേപ്പാൾ പൊലീസിന്റെ പിടിയിലായ ഇവരുടെ പങ്കാളി റാം ബഹാദൂർ ബിസ്തിനെ (45) കൊച്ചിയിൽ എത്തിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടാനൊരുങ്ങി പൊലീസ്. പ്രത്യേക അന്വേഷണസംഘം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നുദിവസംമുമ്പാണ് നേപ്പാൾ പൊലീസ് റാം ബഹാദൂറിനെ പിടികൂടിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളികളെ കൈമാറ്റംചെയ്യുന്ന നിയമത്തിലെ പ്രശ്‌നങ്ങളിൽപ്പെട്ട് തുടർനടപടികൾ നീളുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഴിയുള്ള ഇടപെടലിന് തയ്യാറെടുത്തിരിക്കുന്നത്.
കൊല്ലപ്പെട്ടത് നേപ്പാളി യുവതിയും പ്രതിയെന്ന് സംശയിക്കുന്ന റാം ബഹാദൂറും ഒരേ രാജ്യക്കാരാണെന്നത് നേപ്പാൾ പൊലീസ് ഗൗരവത്തോടെ എടുത്തിട്ടുണ്ട്. മാത്രമല്ല, കുറ്റവാളികളെ കൈമാറുന്നതിൽ നിരവധി നടപടിക്രമങ്ങളുണ്ട്. ഇതെല്ലാം വേഗത്തിൽ പൂർത്തിയാക്കാനുള്ള ഇടപെടലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയംവഴി കൊച്ചി സിറ്റി പൊലീസ് പ്രതീക്ഷിക്കുന്നത്.
കൊച്ചി സിറ്റി പൊലീസിലെ അഞ്ച് സംഘങ്ങൾ ന്യൂഡൽഹിയിലും ഉത്തരാഖണ്ഡിലും തമ്പടിക്കുകയാണ്. ഭാഗീരഥിയുടെ ബന്ധുക്കൾ കൈമാറിയ വിവരങ്ങളാണ് അന്വേഷണത്തിന് വഴിത്തിരിവായത്.
ഈ മാസം 23നാണ് എളംകുളം രവീന്ദ്രൻ റോഡിൽ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ വീടും മതിലുമായി ചേർത്ത് നിർമ്മിച്ച ഒറ്റമുറിയിൽ പ്ലാറ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ ഭാഗീരഥിയുടെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ വീട്ടുടമയോട് പരാതിപ്പെടുകയും പിന്നീട് പൊലീസ് പരിശോധനയിലാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ ഭാഗീരഥിയെ കൊന്ന് മൂടിവച്ചതാണെന്ന് വൃക്തമാവുകയും ചെയ്തത്. ദേഹം അഴുകിയ നിലയിലായിരുന്നു. റാം ബഹാദൂർ ന്യൂഡൽഹിയിൽ എത്തിയതായി ഫോൺ സിഗ്‌നൽ വിവരങ്ങൾ ലഭിച്ചിരുന്നു.ഇയാൾ ഫോൺ സിംകാർഡ് ഉപേക്ഷിച്ചെങ്കിലും പുതിയ സിംകാർഡ് വാങ്ങി പഴയ ഫോണിൽ ഇട്ടതായി പൊലീസ് കണ്ടെത്തി. ഇതോടെ പിടികൂടാമെന്ന പ്രതീക്ഷയിലിരിക്കെയാണ് നേപ്പാളിലേക്ക് കടന്നതായി കണ്ടെത്തിയത്.