കൊച്ചി: ഇലന്തൂർ നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ കൂടുതൽപ്പേരെ നരബലിക്ക് പ്രേരിപ്പിച്ചിരുന്നെങ്കിലും വലയിൽപ്പെട്ടത് കൂട്ടുപ്രതികളായ വൈദ്യൻ ഭഗവൽ സിംഗും ഭാര്യ ലൈലയും മാത്രമെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെയായിരുന്നു ഷാഫിയുടെ 'ദുർമന്ത്രവാദ" ചാറ്റിംഗ്.

കൂടുതൽപ്പേരെ വരുതിയിലാക്കാൻ ഫേസ്ബുക്കിൽ മെസേജ് അയച്ചതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ശ്രീദേവിയെന്ന വ്യാജ അക്കൗണ്ടിലൂടെയാണ് ഷാഫി ഭഗവിൽ സിംഗിനെയും ലൈലയെയും കുരുക്കിയത്. ഇതോടൊപ്പം രണ്ട് വ്യാജ അക്കൗണ്ടുകളും ഇയാൾ നിർമ്മിച്ചിരുന്നു. പണമിടപാടെല്ലാം നേരിട്ടാണ് നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.

ഇലന്തൂരിൽ ആദ്യം കൊല്ലപ്പെട്ട റോസിലിൻ കേസിൽ പ്രതികളെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 26നാണ് പ്രതികളെ ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. റോസ്‌ലിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി വാങ്ങിയത് കോലഞ്ചേരി, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ നിന്നാണെന്ന മൊഴിയെത്തുടർന്ന് ഭഗവൽ സിംഗിനെ നേരിട്ടത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇറച്ചിക്കത്തിക്ക് സമാനമായ ആയുധമാണ് ഭഗവൽ സിംഗ് വാങ്ങിയത്.

അന്വേഷണത്തോട് സഹകരിക്കാത്ത സമീപനമാണ് ഇപ്പോഴും ഷാഫിയുടെത്. എന്നാൽ ഭഗവൽ സിംഗും ലൈലയും എല്ലാം തുറന്നുപറഞ്ഞെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഷാഫിയുടെ നിസ്സഹകരണം ചൂണ്ടിക്കാട്ടി ഇയാളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് പൊലീസ് നീക്കം.