കൊച്ചി: വാടകയ്‌ക്കെടുക്കുന്ന ഫ്ലാറ്റ് വ്യാജപ്രമാണങ്ങൾ ചമച്ച് സ്വന്തമാക്കി പിന്നീടിത് വൻതുകയ്ക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘത്തിലെ പ്രധാനകണ്ണി പൊലീസ് പിടിയിലായി. ഇടുക്കി കഞ്ഞിക്കുഴി കുഴിവേലിൽവീട്ടിൽ ജോമോൻ ജേക്കബാണ് (42) പിടിയിലായത്. കടവന്ത്ര സ്വദേശി ടിൻസൻ തോമസ് നൽകിയ പരാതിയിലാണ് ഇയാൾ കുടുങ്ങിയത്.
നിരവധിപേരെ സമാനരീതിയിൽ കെണിയിൽ വീഴ്ത്തിയതായി പൊലീസ് സംശയിക്കുന്നു. പത്തനംതിട്ട പന്തളം സ്വദേശിയായ ഡോക്ടറുടെ പനമ്പിള്ളി നഗറിലെ ഫ്ലാറ്റ് കൈക്കലാക്കി ഇത് ടിൻസണ് പണയത്തിന് നൽകുകയായിരുന്നു.
15000രൂപ മാസവാടകയ്ക്ക് ഉണിച്ചിറ സ്വദേശി നെൽസനെന്നയാളാണ് ഡോക്ടറിൽനിന്ന് ആദ്യം ഫ്ലാറ്റ് എടുത്തത്. ഇത് നെൽസന്റെ പേരിലാക്കി പരാതിക്കാരന് എട്ടുലക്ഷത്തോളം രൂപയ്ക്ക് പണയത്തിന് മറിച്ചുനൽകുകയായിരുന്നു. ഏതാനും മാസമായി വാടക നൽകാതായതോടെ ഡോക്ടർ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. തുടർന്ന് ഫ്ളാറ്റ് പണയത്തിനെടുത്ത ടിൻസൻ പരാതിയുമായി സൗത്ത് പൊലീസിനെ സമീപിച്ചു. ഇതോടെ ജോമോൻ ഒളിവിൽപ്പോയി. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കവേയാണ് ഫ്ലാറ്റ് ആദ്യം വാടകയ്‌ക്കെടുത്ത നെൽസൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പൊലീസ് തിരിച്ചറിഞ്ഞത്. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്.