കാലടി: കാലടിയുടെ അക്ഷരപുണ്യമായ എസ്.എൻ.ഡി.പി ലൈബ്രറി പ്ലാറ്റിനം ജൂബിലിനിറവിൽ. ആഘോഷം വിപുലമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ. ഇന്ന് വൈകിട്ട് മൂന്നിന് വാർഷികപൊതുയോഗവും തുടർന്ന് കുടുംബസംഗമവും നടത്തും. കരോക്കെ ഗാനമേളയും സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. കുടുംബസംഗമം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ജസ്റ്റിസ് പി. മാധവൻ ഉദ്ഘാടനം ചെയ്യും. അഡ്വ. കെ.ബി. സാബു അദ്ധ്യക്ഷതവഹിക്കും. ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി .കെ. മോഹനൻ മുഖ്യാതിഥി ആയിരിക്കും. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സംസാരിക്കും. തുടർന്ന് കെ.എൻ. നമ്പൂതിരിയും സംഘവും അവതരിപ്പിക്കുന്ന പാട്ടുകൂട്ടം.
* അരലക്ഷത്തിലേറെ പുസ്തകങ്ങൾ
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി, തമിഴ് ഭാഷകളിലായി അരലക്ഷത്തിലേറെ പുസ്തകങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ 742 ആഴ്ചകളായി ലൈബ്രറിയിൽ നടക്കുന്ന ബുധസംഗമം സാംസ്കാരിക കൂട്ടായ്മ ഏറെ ശ്രദ്ധിക്കപ്പെടുന്നു. ഈ കൂട്ടായ്മ ബുധസംഗമ സന്ധ്യകൾ, ബുധസംഗമ സ്മൃതികൾ എന്നീ രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ഉൾപ്പെടെ ഏഴു പുസ്തകങ്ങൾ വായനശാല പുറത്തിറക്കിയിട്ടുണ്ട്.
സ്വാമി അവ്യാനന്ദയുടെ ദൈവദശകം വ്യാഖ്യാനം, ഉഷ പൃഥ്വിരാജിന്റെ കവിതാ സമാഹാരം അരണി, സെറിബെൽ പൾസി ബാധിച്ച സ്കൂൾ വിദ്യാർത്ഥി ജിഷ്ണു പി.എസിന്റെ തേങ്ങുന്ന കിളി, രാധാ മുരളീധരന്റെ ആകാശവാണിക്ക് സ്നേഹപൂർവം, ഡോ. എ .ജി. ശ്രീകുമാറിന്റെ പ്രബുദ്ധതയുടെ പടവുകൾ എന്നിവയാണ് പുസ്തകങ്ങൾ , മഞ്ഞപ്ര ഉണ്ണിക്കൃഷ്ണന്റെ കാലടിയുടെ ചരിത്രം ചരിത്രത്തിന്റെ കാലടികൾ അച്ചടിയിലാണ്. രാവിലെ എട്ടുമുതൽ രാത്രിഎട്ടുവരെ 12 മണിക്കൂർ തുടർച്ചയായി നടന്ന വായനായനം ശ്രദ്ധേയമാണ്. കുട്ടികൾക്കും നവാഗതർക്കും അംഗത്വം സൗജന്യമാണ്.
പത്താം ക്ലാസിനുശേഷം ഉപരിപഠനം നടത്തുന്നവർക്ക് വരിസംഖ്യ ഇല്ലാതെ പുസ്തകസഹായം നൽകുന്ന അക്കാഡമി സ്റ്റഡി സെന്ററും ഇവിടെ പ്രവർത്തിച്ചുവരുന്നു. മത്സര പരീക്ഷാ സഹായികൾ ഉൾപ്പെടെ അമ്പതിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങൾ ഇവിടെ വരുത്തുന്നു. അക്ഷരസേന, ബാലവേദി, വനിതാവേദി ,സ്പോർട്സ് ആൻഡ് ഗെയിംസ് ക്ലബ്, പൂർണ്ണ നേച്ചർക്ലബ് എന്നിവയും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.
സ്കൂളുകൾക്കും മറ്റു ഗ്രന്ഥശാലകൾക്കും സൗജന്യമായി പുസ്തകങ്ങൾ നൽകുന്ന ബുക്കുബാങ്ക് പദ്ധതിയിലൂടെ നാലുലക്ഷം രൂപയിലിധികംവരുന്ന പുസ്തകങ്ങൾ ലൈബ്രറി വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞവർഷം തലവെച്ചപ്പാറ ട്രൈബൽ പബ്ലിക് ലൈബ്രറി, പട്ടിമറ്റം പബ്ലിക് ലൈബ്രറി, ഗവൺമെന്റ് എൽ.പി സ്കൂൾ നീലീശ്വരം, ഗവ. യുപി സ്കൂൾ കൈപ്പട്ടൂർ, ഗവൺമെന്റ് എൽ. പി. സ്കൂൾ മറ്റൂർ എന്നിവയ്ക്കാണ് പുസ്തകങ്ങൾ നൽകിയത്. ഇതോടൊപ്പം പുസ്തകശേഖരണ മഹാപ്രയത്നം എന്ന പദ്ധതിയിലൂടെ 12 ലക്ഷം രൂപയുടെ പുസ്തകങ്ങളും ലൈബ്രറി സമാഹരിച്ചു.
* അംഗീകാരങ്ങളുടെ തലയെടുപ്പ്
സംസ്ഥാനത്തെ ഏറ്റവും മികച്ച സാംസ്കാരിക പ്രവർത്തനം നടത്തുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സമാധാനം പരമേശ്വരൻ പുരസ്കാരം, ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്ഥാന യൂത്ത് വെൽഫയർ ബോർഡ് പുരസ്കാരം, ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പുരസ്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ഈ അക്ഷരമുത്തശിയെത്തേടി എത്തിയിട്ടുണ്ട് അഡ്വ. കെ. ബി. സാബു (പ്രസിഡന്റ്), എം.വി ജയപ്രകാശ് ( വൈസ് പ്രസിഡന്റ് ),കാലടി. എസ് മുരളീധരൻ (സെക്രട്ടറി), രഞ്ജൻ വേലിക്കത്തറ, മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, രാധാ മുരളീധരൻ (താലൂക്ക് കൗൺസിൽ അംഗങ്ങൾ ) എന്നിവർ അടങ്ങിയ സമിതിയാണ് ലൈബ്രറി ഭരണം നിർവഹിക്കുന്നത്. കെ. വി. ശ്യാംജിത്ത്, അമൃത സുരേഷ് എന്നിവരാണ് ലൈബ്രേറിയന്മാർ.