തൃപ്പൂണിത്തുറ: മെട്രോ റെയിൽ തൃപ്പൂണിത്തുറ നഗരത്തിലേക്കെത്തുമ്പോൾ ഗതാഗതക്കുരുക്ക് രൂക്ഷമാകും. അ ടിയന്തര നടപടിയിലൂടെ യാത്രികരെ കാത്തിരിക്കുന്ന ദുരവസ്ഥയ്ക്ക് തടയിടണമെന്ന ആവശ്യം ശക്തമാണ്.

നഗരസഭയുടെ സ്വപ്നപദ്ധതിയായ ബസ് ടെർമിനൽ യാഥാർത്ഥ്യമായിരുന്നെങ്കിൽ റെയിൽവേ സ്റ്റേഷൻ, മെട്രോ ടെർമിനൽ ഉൾപ്പെടെ ജില്ലയിലെ ആദ്യത്തെ ട്രാൻസിറ്റ് ഹബ്ബായി തൃപ്പൂണിത്തുറ മാറുമായിരുന്നു. എന്നാൽ അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ അങ്ങനെയൊരു സാധ്യത ഇല്ലാതാക്കി.

എസ്.എൻ ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള മെട്രോയുടെ അവസാന ഘട്ടത്തിലേക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങളില്ല.
നിർദ്ദിഷ്ട ബസ് ടെർമിനലിലേക്ക് എസ്.എൻ ജംഗ്ഷൻ മുതൽ ഹിൽ പാലസ് റോഡുവരെ 22 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാമെന്നും ഈ പാതയുടെ മധ്യഭാഗത്തുകൂടി മെട്രോയ്ക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കാമെന്നും നഗരസഭ വാഗ്ദാനം ചെയ്തിരുന്നു. അതോടെ കെ.എം.ആർ.എൽ റോഡ് നിർമാണത്തിൽ നിന്ന് പിന്നോട്ടുപോയി. എന്നാൽ നഗരസഭ വാഗ്ദാനം ലംഘിച്ചതോടെ പൊതു ഗതാഗത്തിനുള്ള റോഡിന്റെ കാര്യം അനിശ്ചിതത്വത്തിലായി.

ഫണ്ടില്ലാത്തതിനാൽ റോഡ് നിർമ്മാണം സർക്കാർ ഏറ്റെടുക്കണമെന്ന് നഗരസഭ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റോഡ് നിർമാണം ഏറ്റെടുക്കാൻ കഴിയില്ലെന്ന് കെ.ബാബു എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകുകയും ചെയ്തു. റോഡ് നിർമ്മിച്ച് നൽകാമെന്ന് കെ.എം.ആർ.എല്ലിനെ അറിയിച്ച നഗരസഭയ്ക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഇനി പിന്മാറാനും കഴിയില്ല.

റോഡിനും ബസ് സ്റ്റാൻഡിനുമായി 101 കോടിയുടെ പദ്ധതിക്ക് സർക്കാർ അനുമതി നൽകിയതാണ്. അഡ്വാൻസ് തുക അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഫണ്ടില്ലാത്തതിനാൽ പണം അടക്കാൻ കഴിയില്ലെന്ന് നഗരസഭ സർക്കാരിനെ അറിയിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടായി നഗരസഭയുടെ പല ബഡ്ജറ്റിലും എഴുതി ചേർത്തിട്ടുള്ള ബസ് ടെർമിനലിനു വേണ്ടി ഒരു സെന്റ് ഭൂമി പോലും ഇതുവരെ ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല.

ലക്ഷം ചതുരശ്ര അടിയുള്ള വാണിജ്യകെട്ടിടത്തിന്റെ നിർമ്മാണം മെട്രോ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. നിലവിൽ റെയിൽവേയുടെ റോഡിലൂടെ വേണം വാഹനങ്ങൾക്ക് കടന്നുപോകാൻ. ചുരുക്കത്തിൽ തൃപ്പൂണിത്തുറ നഗരത്തിലെ മെട്രോ റെയിൽ പദ്ധതി പൂർണമാകുമ്പോൾ നല്ല റോഡില്ലാത്തതിന്റെ ദുരിതമാണ് യാത്രികരെ കാത്തിരിക്കുന്നത്.

"കാക്കനാട്ടേക്ക് മെട്രോ രണ്ടാം ഘട്ടം അനുമതിയായെങ്കിലും ദീർഘ ദൂരയാത്രയ്ക്ക് ഉതകുന്ന റെയിൽവേ സ്റ്റേഷന്റെ പ്രാധാന്യമാണ് തൃപ്പൂണിത്തുറയ്ക്കുള്ളത്. എസ്.എൻ ജംഗ്ഷൻ മുതൽ ഹിൽ പാലസ് റോഡുവരെ ഒന്നര കിലോമീറ്റർ മൂവാറ്റുപുഴ മുതൽ കാക്കനാട് ഉൾപ്പെടെയുള്ള ഒരു വലിയ പ്രദേശത്തിന്റെ ആവശ്യമായി കണ്ടാലേ ഈ പ്രശ്നത്തിന് പരിഹാരമാകൂ."

വി.പി. പ്രസാദ്, ചെയർമാൻ ട്രൂറ