pwd

ആലുവ: ആലുവ - മൂന്നാർ റോഡിൽ അശോകപുരം കാർമ്മൽ കവലയിലെ അനധികൃത ഷെഡ് നിർമ്മാണം പൊതുമരാമത്ത് വകുപ്പ് ഇടപ്പെട്ടതിനെത്തുടർന്ന് കൈയേറ്റക്കാരൻ തന്നെ പൊളിച്ചുനീക്കി. അനധികൃത നിർമ്മാണത്തെക്കുറിച്ച് കഴിഞ്ഞദിവസം 'കേരളകൗമുദി' പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ ഇടപ്പെട്ടത്.

പി.ഡബ്ള്യു.ഡി ഓവർസിയർ അന്നുതന്നെ സ്ഥലം സന്ദർശിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി വെള്ളിയാഴ്ച്ച രാവിലെ അസി. എൻജിനിയർ സ്ഥലത്തെത്തി പൊളിച്ചുനീക്കാൻ കൈയേറ്റക്കാരന് നോട്ടീസ് നൽകി. തുടർന്നാണ് വെെകിട്ടോടെ കൈയേറ്റം പൊളിച്ചുനീക്കിയത്. കൈയേറ്റക്കാരൻ സ്വന്തം നിലയിൽ പൊളിച്ചില്ലെങ്കിൽ പി.ഡബ്ള ്യു.ഡി ചെലവിൽ പൊളിച്ചശേഷം നിയമാനുസൃത നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

ഒഴിപ്പിക്കൽ ഇനിയും ബാക്കി

കാർമ്മൽ ഭാഗത്തെ ഒറ്റരാത്രിയിലുണ്ടായ കൈയേറ്റം 'കേരളകൗമുദി' വാർത്തയെ തുടർന്ന് 24 മണിക്കൂറിനകം പൊളിപ്പിച്ചെങ്കിലും കാർമ്മൽ മുതൽ രാജഗിരി ആശുപത്രിവരെയുള്ള ഭാഗത്തെ കൈയേറ്റത്തിന് അറുതിയില്ല. ജനകീയ പ്രതിഷേധം ഉയർന്നിട്ടും ഒഴിപ്പിക്കൽ നടപടി ഇഴയുകയാണ്. ചൂണ്ടി ഭാഗത്തെ രണ്ട് കൈയേറ്റക്കാരുടെ പരാതി കോടതിയുടെ പരിഗണനയിലുണ്ടെന്നതിനാലാണ് ഒഴിപ്പിക്കൽ നിർത്തിവച്ചത്.

പിന്തുണയുമായി വ്യാപാരികളും

റോഡ് കൈയേറുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന നിലപാടിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് മാറ്റമില്ല. കൈയേറ്റക്കാരിൽ ഏറെയും കച്ചവടക്കാരാണ്. റോഡ് അതിർത്തിയോട് ചേർന്ന് കെട്ടിടം നിർമ്മിച്ച് രാഷ്ട്രീയ സ്വാധീനത്തിൽ കെട്ടിടനമ്പർ സമ്പാദിക്കും. പിന്നീട് ആളുകൾക്ക് നിൽക്കാനെന്ന പേരിൽ താത്കാലികമായി നിർമ്മിക്കുന്ന ചാർത്ത് കുറച്ചുകഴിയുമ്പോൾ സ്ഥിരസംവിധാനമാകും. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് കാർമ്മൽ, അശോകപുരം, കൊച്ചിൻബാങ്ക്, കോളനി, ചൂണ്ടി, ചുണങ്ങംവേലി ഭാഗത്തായി ഉയർന്നിട്ടുള്ളത്. ഇവരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്.