പിറവം: പിറവത്ത് തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മയും ഉൾപ്പെടെ ആറുപേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. നഗരസഭ രണ്ടാംഡിവിഷനിൽ കാക്കനാട് മഞ്ഞനാകുഴി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിചെയ്യുന്നതിനിടെ കനത്ത മഴയെത്തുടർന്ന് തൊഴിലാളികൾ സമീപത്തെ കെട്ടിടത്തിന്റെ വരാന്തയിൽ കയറി നിൽക്കുമ്പോഴാണ് ശക്തമായ മിന്നലുണ്ടായത്. തൊഴിലാളികളായ മിനി ജോസ് (55), ശാന്ത സുരേന്ദ്രൻ (65), ഏലിയാമ്മ പുതായത്ത് (70), രാജമ്മ ജോസ് (50), ലീല സ്‌കറിയ(55), വീട്ടമ്മ തൊട്ടൂർ സ്വദേശിനി അനീഷ ശ്യാം (33) എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ ജൂബി പൗലോസ്, കൗൺസിലർമാരായ ജോജിമോൻ ചാർപ്ളാവിൽ, ജിൻസി രാജു എന്നിവർ ആശുപത്രിയിൽ ഇവരെ സന്ദർശിച്ചു.