ആലുവ: സംസ്ഥാനത്തെ ഏറ്റവും വലിയ ഉപജില്ലയായ ആലുവ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങൾ തുടങ്ങി. 124 സ്കൂളുകളിൽ നിന്നായി 6000ത്തോളം കലാപ്രതിഭകൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ എം.ഒ. ജോൺ, എ.ഇ.ഒ സനൂജ എ. ഷംസു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സ്റ്റേജ് ഇനങ്ങൾ നാളെ മുതൽ ഒമ്പതുവരെ തീയതികളിൽ നടക്കും.
ആലുവ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളാണ് കലോത്സവത്തിന് ആതിഥ്യമരുളുന്നത്. മുനിസിപ്പൽ ടൗൺഹാൾ, സെന്റ് ഫ്രാൻസിസ് സ്കൂൾ, ടാസ് ഹാൾ, സെന്റ് മേരീസ് സ്കൂൾ, സെന്റ് ജോൺസ് സ്കൂൾ, ഗവ. ഗേൾസ് സ്കൂൾ, ജി.എച്ച്.എ.സി എൽ.പി.എസ് എന്നിവിടങ്ങളിലായി 13 വേദികളിലാണ്.
*ഉദ്ഘാടനം നാളെ
നാളെ രാവിലെ ഒമ്പതിന് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്സൺ സൈജി ജോളി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, മിനി ബൈജു, ലിസ് ജോൺസൺ, എം.പി. സൈമൺ, കൗൺസിലർമാരായ ഗയിൽസ് ദേവസി പയ്യപ്പിള്ളി, ശ്രീലത രാധാകൃഷ്ണൻ, ഡി.ഇ.ഒ സി.സി. കൃഷ്ണകുമാർ, ജനറൽ കൺവീനർ സീമ കനകാംബരൻ, ആലുവ ബി.പി.സി ആർ.എസ്. സോണിയ തുടങ്ങിയവർ പ്രസംഗിക്കും. ഒമ്പതിന് വൈകിട്ട് അഞ്ചിന് മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന സമാപന സമ്മേളനം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്യും.