
കോലഞ്ചേരി: റൂറൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ കേന്ദ്രീകരിച്ച് സ്ത്രീകളെ മറയാക്കി വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. തൊഴിലാളികളുടെ റൂമുകളിൽ ഭാര്യയാണെന്ന പേരിൽ തങ്ങി ബ്രൗൺഷുഗർ വൻ തോതിൽ വിപണനം ചെയ്യുന്നതായാണ് കണ്ടെത്തൽ.ഇതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വിവിധ മേഖലകളിൽ പൊലീസ് നടത്തിയ പരിശോധനകളിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരിവില്പന സംഘമാണ് സ്ത്രീകളെ റിക്രൂട്ട് ചെയ്ത് ക്യാമ്പുകളിൽ എത്തിക്കുന്നത്. പല റൂമുകളിൽ മാറിമാറി താമസിക്കുന്ന ഇവരുടെ രഹസ്യഭാഗങ്ങളിലാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നത്. പൊലീസ് പിടികൂടാനെത്തിയാൽ വിവസ്ത്രയായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് രീതി. അത്തരം സാഹചര്യങ്ങളിൽ പിടികൂടുമ്പോഴുണ്ടാകുന്ന പൊല്ലാപ്പുകൾ ഓർത്ത് പൊലീസ് കൂടുതൽ നടപടികളിലേക്ക് പോകില്ലെന്നതും ലഹരി മാഫിയയ്ക്ക് പഴുതാകുന്നു.
കഴിഞ്ഞ ദിവസം റൂറൽ ജില്ലയിലെ ഒരു സ്റ്റേഷനിൽ നാല് ലേബർ ക്യാമ്പുകളിൽ നിന്നായി സ്ത്രീകളെ പിടികൂടിയിരുന്നു. വലിയ കേസെടുക്കാനുള്ള അളവിൽ ലഹരിമരുന്ന് ഇവരിൽ നിന്ന് ലഭിക്കാത്തതിനാൽ പതിനായിരം പിഴ ചുമത്തി വിട്ടയച്ചു.ലേബർ ക്യാമ്പുകളിൽ താമസിക്കുന്നതിനുള്ള സൗകര്യം ഏജന്റാണ് ഒരുക്കി നൽകുന്നത്.
ലഹരി വിറ്റഴിക്കാനായി നിരവധി സ്ത്രീകളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചിട്ടുണ്ടെന്നാണ് പിടിയിലായവർ നൽകിയ മൊഴി. ഏജന്റിനെകുറിച്ച് വ്യക്തമായ വിവരം ലഭിച്ചെങ്കിലും സ്ത്രീകൾ പിടിയിലായതോടെ ഇയാൾ കടന്നുകളഞ്ഞു. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
തന്ത്രം ഇങ്ങനെ
ചെറിയ പ്ളാസ്റ്റിക് ബോട്ടിലുകളിൽ ആക്കി വില്പന
ഒളിപ്പിക്കുന്നത് സ്ത്രീകളുടെ രഹസ്യഭാഗത്ത്
ബോട്ടിൽ ഒന്നിന് വില 500 രൂപ
400 രൂപ ഏജന്റിനും 100രൂപ സ്ത്രീക്കും
അനാശാസ്യം, ഉത്തേജക മരുന്ന്
വില്പനക്കാരായ സ്ത്രീകളെ അനാശാസ്യത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ ലഭിക്കുന്ന തുക സ്ത്രീകൾക്ക് ലഭിക്കും.
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആയുർവേദ ടാബ്‌ലറ്റ് എന്ന പേരിൽ സ്ത്രീകൾ ലൈംഗിക ഉത്തേജകമരുന്ന് വില്പനയും നടത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പ് പെരുമ്പാവൂരിനടുത്ത് അന്യസംസ്ഥാന തൊഴിലാളി മരിക്കാൻ കാരണം അമിത ഉത്തേജക ഉപയോഗമാണെന്ന് കണ്ടെത്തിയിരുന്നു.