sharon

കൊച്ചി: പാറശാല ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിനെ ഏൽപ്പിക്കണോ എന്നതിനെക്കുറിച്ച് അഡ്വക്കേറ്റ് ജനറൽ നാളെ നിയമോപദേശം നൽകിയേക്കും. ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട പലകാര്യങ്ങളും നടന്നത് തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ സംസ്ഥാന പൊലീസ് മേധാവി നിയമോപദേശം തേടുകയായിരുന്നു. കേരള പൊലീസിന് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായ തടസമില്ലെങ്കിലും തമിഴ്നാട് പൊലീസിന് കൈമാറുന്നതാണ് ഉചിതമെന്ന നിയമോപദേശമാണ് ജില്ലാ ഗവൺമെന്റ് പ്ലീഡർ നൽകിയത്. കുറ്റപത്രം നൽകുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉയരാനിടയുള്ളതു കണക്കിലെടുത്താണ് എ.ജിയുടെ നിയമോപദേശം തേടിയത്. കേരള പൊലീസ് അന്വേഷിച്ചാൽ മതിയെന്നാണ് ഷാരോണിന്റെ ബന്ധുക്കളുടെ നിലപാട്.