കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച എറണാകുളം മഹാരാജാസ് കോളേജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനം. ഇന്നലെ രാവിലെ നടന്ന സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ തുടർന്ന് നടന്ന കൗൺസിൽ അംഗീകരിച്ചതോടെയാണിത്.

കോളേജ് കാമ്പസിൽ വൈകിട്ട് ആറ് മണിക്ക് ശേഷം ഒരു വിദ്യാർത്ഥിയെയും തുടരാൻ അനുവദിക്കില്ലെന്ന് പ്രിൻസിപ്പൽ വി.എസ്. ജോയി പറഞ്ഞു. അടുത്ത ഒരാഴ്ചയോളം സെൻട്രൽ സർക്കിളിൽ പൊലീസ് സംരക്ഷണമുണ്ടാകും. രണ്ടു ദിവസത്തിനുള്ളിൽ സ്റ്റാഫ് കൗൺസിൽ കൂടി സ്ഥിതിഗതികൾ പരിശോധിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും.

കോളേജ് അടച്ച ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന ഇന്റേണൽ പരീക്ഷകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടക്കും. കോളേജ് ഹോസ്റ്റലിൽ അഡ്മിഷനെടുക്കാതെ അനധികൃതമായി താമസിക്കുന്ന നൂറോളം പേരെ പുറത്താക്കും.

അദ്ധ്യയന സമയങ്ങളിൽ സെൻട്രൽ സർക്കിളിൽ ഒരു പരിപാടികളും അനുവദിക്കില്ല. അദ്ധ്യയനമില്ലാത്ത സമയങ്ങളിൽ പരിപാടി നടത്തണമെങ്കിൽ നാല് ദിവസം മുമ്പെങ്കിലും അപേക്ഷ സമർപ്പിക്കണം. ഡിസിപ്ലിനറി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പരിപാടിക്ക് പ്രിൻസിപ്പൽ അനുമതി നൽകുക.

കോളേജിന്റെ പേര് മറയ്ക്കുന്ന രീതിയിൽ കവാടത്തിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാൻ അനുവദിക്കില്ല.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ഡിസിപ്ലിൻ കമ്മിറ്റി കൺവീനർ, പി.ടി.എ സെക്രട്ടറി, ഹോസ്റ്റൽ വാർഡൻ, ഗവേണിംഗ് കൗൺസിൽ അംഗങ്ങൾ, പി.ടി.എ വൈസ് പ്രസിഡന്റ്, കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ, എറണാകുളം സെൻട്രൽ പൊലീസ് സി.ഐ, എസ്.ഐ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

സംഘർഷത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ പരാതി ലഭിക്കുന്നതനുസരിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു.